തുടർച്ചയായ പത്താം വർഷവും രാജ്യത്തെ സമ്പന്നരില്‍ അംബാനി തന്നെ മുന്നില്‍; പിന്നിലുള്ള അദാനിക്കും വമ്പന്‍ നേട്ടം
718000 കോടി രൂപയാണ് 64-കാരനായ മുകേഷ് അംബാനിയുടെ ആസ്തി.
1 Oct 2021 2:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ പത്താം വര്‍ഷവും രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനി. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം 718000 കോടി രൂപയാണ് 64-കാരനായ അംബാനിയുടെ ആസ്തി.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പത് ശതമാനത്തിന്റെ വളര്‍ച്ചയാണ് അംബാനിയുടെ ആസ്തിയിലുണ്ടായിരിക്കുന്നത്. 2020 മുതല്‍ ടെലികോം മേഖലയിലടക്കം വന്‍ നേട്ടമുണ്ടാക്കാനായതാണ് ഈ മുന്നേറ്റത്തിന് കാരണം. കൊവിഡ് കാലത്ത് ഡിജിറ്റല്‍ വ്യാവസായങ്ങള്ക്കുണ്ടായ കുത്തനെയുള്ള വളര്‍ച്ചയില്‍ മുകേഷ് അംബാനിയുടെ പ്രതിദിന സമ്പാദ്യം 163 കോടി രൂപയായി ഉയര്‍ന്നു. 2021 -ലെ ഹുറൂണ്‍ ഗ്ലോബല്‍ 500 ലിസ്റ്റ് പ്രകാരം ലോകത്തിലെ ഏറ്റവും മൂല്യമുള്ള 57 -ാമത്തെ കമ്പനിയാണ് റിലയന്‍സ്.
പക്ഷേ രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയുടെ തിളക്കത്തിനാണ് മാറ്റ് കൂടുതല്‍. 505900 കോടി രൂപയുടെ ആസ്തിയുമായി അംബാനിക്ക് പിന്നിലാണെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 261% ത്തിന്റെ വളര്‍ച്ചയാണ് അദാനിയുടെ നേട്ടം. 59 കാരനായ അദാനിയുടെ ഈ വര്‍ഷത്തെ പ്രതിദിന ആസ്തി 1002 കോടി രൂപയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഓഹരി വിപണിയിലുണ്ടാക്കിയ മികച്ച പ്രകടനത്തിലൂടെ കഴിഞ്ഞ വർഷത്തേതില്‍ നിന്ന് രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് അദാനി ലിസ്റ്റില്‍ രണ്ടാം സ്ഥാനം പിടിച്ചത്.
അദാനി ഗ്രൂപ്പിന്റെ ആകെ വിപണി മൂലധനം 9 ലക്ഷം കോടി രൂപയാണ്. അദാനി പവര്‍ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഓഹരി മൂല്യം നിലവില്‍ ഒരു ലക്ഷം കോടിയിലധികമാണ്. അഞ്ച് ലക്ഷം കോടി കമ്പനികള്‍ നിര്‍മ്മിച്ച ഏക ഇന്ത്യക്കാരനെന്ന നേട്ടവും അദാനിക്കാണ്. അദാനി രണ്ടാം സ്ഥാനത്തിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന് വിനോദ് ശാന്തിലാലും ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. എട്ടാം സ്ഥാനത്തുള്ള വിനോദ് ശാന്തിലാലിന്റെ ആസ്തി 131600 കോടി രൂപയാണ്.