ലഖിംപൂര്‍: ഒടുവിന് മന്ത്രി പുത്രന് ചോദ്യം ചെയ്യലിന് ഹാജരായി, അറസ്റ്റുണ്ടായേക്കും
ലഖിംപുര്‍ സംഭവങ്ങളിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രീം കോടതി അതിരൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് നടപടി
9 Oct 2021 5:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലഖിംപൂര്‍ കര്‍ഷക കൊലപാതക കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജറായി. കേസ് അന്വേഷിക്കുന്ന യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് ആശിഷ് മിശ്ര ഹാജറായത്. ലഖിംപുര്‍ സംഭവങ്ങളിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രീം കോടതി അതിരൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് നടപടി.
ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തോ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ ഇന്നു 11നു മുന്‍പ് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു യുപി സര്‍ക്കാര്‍ നല്കിയ മറുപടി. ഹാജറാകുമെന്ന് ആശിഷിന്റെ അഭിഭാഷകരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മകന് നിരപരാധിയെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. മകനെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നാണ്, കനത്ത പൊലീസ് കാവലില്‍ ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജറായത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ മുന്നിലാണ് ഹാജറായ അശിഷിന്റെ ചോദ്യം ചെയ്യല്‍ തുടങ്ങി. ആശിഷിനെ അറസ്റ്റ് ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.