Top

20000 കോടിയുടെ പദ്ധതികൾ; ഉത്തരേന്ത്യയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുമെന്ന് യൂസഫലി, മോദിക്ക് അഭിനന്ദനം

50000 ത്തോളം പേർക്ക് തൊഴിലവസരം നൽകുമെന്നും യൂസഫലി പറഞ്ഞു.

6 Oct 2021 5:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

20000 കോടിയുടെ  പദ്ധതികൾ;  ഉത്തരേന്ത്യയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുമെന്ന് യൂസഫലി, മോദിക്ക് അഭിനന്ദനം
X

ഇന്ത്യയിൽ അടുത്ത 3-5 വർഷങ്ങൾക്കുള്ളിൽ ബിസിനസ് സംരഭങ്ങൾ വ്യാപിപ്പിക്കുമെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. 20000 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ ഇന്ത്യയിൽ നടത്താനുദ്ദേശിക്കുന്നുണ്ടെന്നും 50000 ത്തോളം പേർക്ക് ഇത് തൊഴിലവസരം നൽകുമെന്നും യൂസഫലി പറഞ്ഞു. നിലവിൽ രാജ്യത്ത് മൂന്ന് ഷോപ്പിം​ഗ് മാളുകൾ ലുലു ​ഗ്രൂപ്പ് നിർമ്മിക്കുന്നുണ്ട്. ഇതിലൊന്ന് ഉത്തർപ്രദേശിലെ ലക്നൗവിലാണ്.

'ഞങ്ങൾ കൊച്ചിയിൽ ഒരു മാളും ഒരു കൺവെൻഷൻ സെന്ററും നിർമ്മിച്ചു. ഇനി നോർത്ത് ഇന്ത്യയിലെ വിവിധ ഭാ​ഗങ്ങളിലേക്ക് നീങ്ങുകയാണ് ഞങ്ങൾ', യൂസഫലി പറഞ്ഞു. യുഎഇയിൽ നടക്കുന്ന എക്സ്പോ 2020 യുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഡേയുമായി സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നിർമ്മിക്കുന്ന ഓരോ ഷോപ്പിം​ഗ് മാളുകളിലും 3500 മുതൽ 4000 പേർക്ക് വരെ ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരം സൃഷ്ടിക്കുക എന്നത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്വം അല്ലെന്നും ബിസിനസ് മേഖലയുടെ കൂടെ ഉത്തരവാദിത്വം ആണെന്നും യൂസഫലി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ രാജ്യത്ത് ബിസിനസ് സംരഭങ്ങൾ വളരുന്നതിന് വളരെയധികം സഹായകമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻആർഐ ഇന്ത്യക്കാർക്ക് രാജ്യത്ത് നിക്ഷേപം നടത്തുന്നത് എളുപ്പമാക്കിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു.

'എൻആർഐ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി പരി​ഗണിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി എല്ലാം മാറ്റി. ഇപ്പോൾ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. മുമ്പ് നൂറ് ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാവുമായിരുന്നു,' യൂസഫലി പറഞ്ഞു. യുഎഇ എക്സ്പോ സന്ദർശനത്തോടനുബന്ധിച്ച് ഇന്നലെ കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ​ഗോയൽ യുഎഇ ഭരണകൂട പ്രതിനിധികളുമായും യുഎഇയിലെ വ്യവസായികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Next Story