കര്‍ഷകര്‍ക്ക് നേരെയുള്ള ആക്രമണം രണ്ടാം ജാലിയന്‍വാലബാഗ്; ഹരിയാന സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ശിവസേന
കര്‍ഷകര്‍ക്കെതിരെ നടന്ന ലാത്തിചാര്‍ജിന്റെ പാശ്ചാത്തലത്തില്‍ ഹരിയാനയിലെ മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ശിവസേന അഭിപ്രായപ്പെട്ടു.
30 Aug 2021 8:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിയാനയില്‍ കര്‍ഷകര്‍ക്കെതിരെയുണ്ടായ ലാത്തിചാര്‍ജ് രണ്ടാംജാലിയന്‍വാലബാഗണെന്ന് ശിവസേന. കര്‍ഷകര്‍ക്കെതിരെ നടന്ന ലാത്തിചാര്‍ജിന്റെ പാശ്ചാത്തലത്തില്‍ ഹരിയാനയിലെ മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ശിവസേന അഭിപ്രായപ്പെട്ടു. ശിവസേന മുഖപത്രമായ സാമ്‌നയിലാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അമൃതസറിലെ ജാലിയന്‍വാലബാഗ് കെട്ടിടം പുതുക്കിപ്പണിയുന്നതിന്റെ ഉദ്ഘാടനം ചെയ്തപ്പോള്‍ ഹരിയാന സര്‍ക്കാര്‍ പുതിയ ജാലിയന്‍വാലബാഗ് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ക്രൂരതയുടെ വിത്തുകള്‍ പാകുന്ന സര്‍ക്കാരിന് അതിന്റെ പ്രതിഫലം ലഭിക്കുമെന്ന് സാമ്‌ന സൂചിപ്പിച്ചു. ഖട്ടാറിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. മുഖ്യമന്ത്രി ഖട്ടാറിനെതിരെ മുദ്രാവാക്ക്യം മുഴക്കിയതിനാണ് കര്‍ഷകരുടെ തലയില്‍ ലാത്തികൊണ്ട് അടിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ആക്രമിക്കുമെന്ന് പ്രസംഗിച്ച കേന്ദ്രമന്ത്രിക്കെതിരെ നിയമപരമായി നടപടി സ്വീകരിച്ചതിനെ അസഹിഷ്ണുതയായി വ്യാഖ്യാനിക്കുന്നവര്‍ ഹരിയാന മുഖ്യമന്ത്രി ഖട്ടാറിന്റെ നടപടിയ്‌ക്കെതിരെ പ്രതികരിക്കാത്തതെന്താണെന്നും ശിവസേന മുഖപത്രം സാമ്‌ന ചോദ്യം ഉന്നയിച്ചു.
ശനിയാഴ്ച്ചയാണ് ഹരിയാനയില്‍ കര്‍ഷകര്‍ മുഖ്യമന്ത്രി ഖട്ടാറിനേയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഒപി ധന്‍ക്കറേയും റോഡില്‍ ഉപരോധിച്ചത്. തുടര്‍ന്ന് നടന്ന പൊലീസ് ലാത്തിചാര്‍ജില്‍ നിരവധി കര്‍ഷകര്‍ക്ക് സാരമായി പരുക്കേല്ക്കുകയും ചെയ്തിരുന്നു. സംഭവം വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.