Top

ലഖിംപൂർ കൊലപാതകം; സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരി​ഗണിക്കും

അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ അജയ് മിശ്ര നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് തീരുമാനമെടുത്തു.

7 Oct 2021 1:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഖിംപൂർ കൊലപാതകം; സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരി​ഗണിക്കും
X

ലഖിംപൂർ ഖേരിയിൽ കർഷകരുടെ നേര വാഹനമിടിച്ച് കയറ്റിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നം​ഗ ബെഞ്ചാണ് ഹർജി പരി​ഗണിക്കുന്നത്. കേസിൽ യുപി സർക്കാരിന്റെ വിശദീകരണം കോടതി തേടിയേക്കും.

ഖേരിയിലെ കര്‍ഷകരുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ആരോപണം നേരിടുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയെ ബിജെപി കൈവിട്ടിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ അജയ് മിശ്ര നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് തീരുമാനമെടുത്തു. അക്രമം നടന്ന സ്ഥലത്ത് താനോ മകനോ ഉണ്ടായിരുന്നില്ലെന്ന് കൂടിക്കാഴ്ചയിലും മന്ത്രി ആവർത്തിച്ചതായാണ് വിവരം. ഈ പശ്ചാത്തലത്തില്‍ അന്വേഷണം നടക്കട്ടെ എന്ന നിലപാടിലാണ് ബിജെപി.

ഞായറാഴ്ച വൈകീട്ടാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. വാഹനമോടിച്ചത് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അദ്ദേഹത്തിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.

Next Story