Top

ലഖിംപൂര്‍ കൊലപാതകം; ജസറ്റിസ് പ്രദീപ് കുമാര്‍ കമ്മീഷന്‍ അന്വേഷിക്കും

യുപി സര്‍ക്കാരാണ് പ്രദീപ് കുമാറിനെ അധ്യക്ഷനാക്കിയുളള ഏകാംഗ കമ്മീഷനെ നിയമിച്ചത്.

7 Oct 2021 5:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഖിംപൂര്‍ കൊലപാതകം; ജസറ്റിസ് പ്രദീപ് കുമാര്‍ കമ്മീഷന്‍ അന്വേഷിക്കും
X

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കുന്നതിന് അലഹാബാദ് ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജ് ജസ്റ്റിസ് പ്രദീപ് കുമാറിനെ നിയമിച്ചു. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. യുപി സര്‍ക്കാരാണ് പ്രദീപ് കുമാറിനെ അധ്യക്ഷനാക്കിയുളള ഏകാംഗ കമ്മീഷനെ നിയമിച്ചത്.

സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ യുപി സര്‍ക്കാരിന്റെ വിശദീകരണം കോടതി തേടിയേക്കും. അതേസമയം ലഖിംപൂരില്‍ കര്‍ഷകരുടെ നേര വാഹനമിടിച്ച് കയറ്റിയ സംഭവത്തില്‍ നടന്നതെന്തെന്ന് സംബന്ധിച്ച് കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൂടുതല്‍ ദൈര്‍ഘ്യവും വ്യക്തതയുമുള്ള ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. കര്‍ഷകരുടെ ഭാഗത്ത് നിന്നും പ്രകോപനമൊന്നുമില്ലാതെ പിന്നിലൂടെ വാഹനമിടിച്ച് കയറ്റിയതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നു.

ഞായറാഴ്ച വൈകീട്ടാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. വാഹനമോടിച്ചത് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അദ്ദേഹത്തിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.

Next Story