Top

ലഖിംപൂർ ഖേരി ആക്രമണത്തില്‍ രണ്ടുപേർ അറസ്റ്റില്‍; ആശിഷ് മിശ്രയുടെ 'പൊടി പോലുമില്ല', സമന്‍സ് അയച്ച് യുപി പൊലീസ്

കർഷകർ ആരോപിക്കുന്നതുപോലെ വെടിവെപ്പ് നടന്നതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥയായ ലകനൌ റേഞ്ച് ഐജി ലക്ഷ്മി സിംഗ് പറഞ്ഞു

7 Oct 2021 12:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഖിംപൂർ ഖേരി ആക്രമണത്തില്‍ രണ്ടുപേർ അറസ്റ്റില്‍; ആശിഷ് മിശ്രയുടെ പൊടി പോലുമില്ല, സമന്‍സ് അയച്ച് യുപി പൊലീസ്
X

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കർഷരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേർ അറസ്റ്റില്‍. ലവ്കുഷ് റാണ, ആശിഷ് പാണ്ഡെ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് ആക്രമണത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തല്‍ കൊലക്കുറ്റം ചുമത്തിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികള് ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുമായി അടുത്ത ബന്ധമുള്ളവരാണെന്നും റിപ്പോർട്ട് പറയുന്നു.

കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട ആശിഷ് മിശ്രയെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതികരണം. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് യുപി പോലീസ് ആശിഷ് മിശ്രയ്ക്ക് സമന്‍സ് അയച്ചിട്ടുണ്ട്.

അതേസമയം, കർഷകർ ആരോപിക്കുന്നതുപോലെ വെടിവെപ്പ് നടന്നതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥയായ ലകനൌ റേഞ്ച് ഐജി ലക്ഷ്മി സിംഗ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ലഭ്യമായ തെളിവുകളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഐജി വ്യക്തമാക്കി.

ഇന്ന് കേസ് പരിഗണിച്ച സുപ്രിംകോടതി നാളെ കേസ് വീണ്ടും പരിഗണിക്കാനിരിക്കുന്ന കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് അറിയിച്ചതിന് പിന്നാലെയാണ് അറസ്റ്റുവിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കര്‍ഷക പ്രക്ഷോഭത്തിനിടയിലേക്ക് വാഹനവ്യൂഹം ഇടിച്ചുകയറ്റിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടന്ന കേസില്‍ എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചക് എന്നാണ് കോടതി ആരാഞ്ഞത്. ആരെല്ലാമാണ് എഫ്‌ഐആറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആരുടെയെല്ലാം പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണെന്ന് കോടതി വ്യക്തമാക്കി. കൊല്ലപ്പെട്ട കര്‍ഷകന്‍ ലവ്പ്രീത് സിംഗിന്റെ അമ്മയ്ക്ക് ചികിത്സാ സഹായം ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷയായ ബെഞ്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് വ്യക്തമാക്കി.

ലഖിംപൂര്‍ ഖേരി സംഭവത്തില്‍ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ പരിഗണിയ്ക്കുന്ന വിധത്തില്‍ ഒരു നടപടി യുപി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് അഭിഭാഷകന്‍ ശിവകുമാര്‍ ത്രിപാഠി കത്തയച്ചത് പ്രകാരമാണ് സംഭവം സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയത്. കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ചായിരുന്നു കോടതി നടപടികള്‍ സ്വീകരിച്ചത്.

Next Story