Top

'പ്രധാനമന്ത്രി പറയണം'; ഭക്ഷ്യദാതാക്കളെ വണ്ടികയറ്റിക്കൊന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് പ്രിയങ്ക ഗാന്ധി

5 Oct 2021 4:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രധാനമന്ത്രി പറയണം; ഭക്ഷ്യദാതാക്കളെ വണ്ടികയറ്റിക്കൊന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് പ്രിയങ്ക ഗാന്ധി
X

ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വണ്ടിയിടിച്ച് കയറ്റിയ സംഭവത്തില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഭക്ഷ്യദാതാക്കളെ (കര്‍ഷകരെ) വണ്ടികയറ്റിക്കൊന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാത്തതെന്ത് എന്നാണ് പ്രിയങ്കയുടെ ചോദ്യം. വാഹനം ഇടിച്ച് കയറ്റുന്നതിന്റെ തിങ്കളാഴ്ച പുറത്ത് വന്ന പുതിയ വീഡിയോ സഹിതം പ്രധാന മന്ത്രിയെ ടാഗ് ചെയ്താണ് പ്രയങ്കയുടെ ട്വീറ്റ്.

നരേന്ദ്രമോദി സര്‍, നിങ്ങളുടെ സര്‍ക്കാര്‍ കഴിഞ്ഞ 28 മണിക്കൂറുകളായി ഒരു ഉത്തരവും എഫ്‌ഐആറും ഇല്ലാതെ എന്നെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. ഭക്ഷ്യദാതാവിനെ വണ്ടിയിച്ചു കൊന്ന വ്യക്തിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ട്?' എന്നാണ് ട്വീറ്റ്. അതിനിടെ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിരാഹാര സമരം ആരംഭിച്ചു. സീതാപുരിലെ ഹര്‍ഗാവിലെ ഗെസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ പാര്‍പ്പിച്ചിരിക്കുന്നത്. മന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്നു രാജ്യവ്യാപക പ്രക്ഷോഭവും സംഘടിപ്പിക്കുന്നുണ്ട്.

കര്‍ഷകരുടെ നേര്‍ക്ക് ഉണ്ടായ അതിക്രമം യുപിക്ക് പുറത്ത് ദേശീയ തലത്തില്‍ വിഷയമാക്കുക ലക്ഷ്യമിട്ടാണ് നിലവില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തനം. വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. 'മോദി സര്‍ക്കാരിന്റെ മൗനം അവരെയും ഇതില്‍ പങ്കാളികളാക്കുന്നോ' എന്ന വാചകത്തോടൊപ്പമായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പുതിയ വീഡിയോ പങ്കുവെച്ചത്. കര്‍ഷകര്‍ക്കിടിയിലേക്ക് മനപ്പൂര്‍വം വാഹനമിടിച്ചു കയറ്റുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ ദൃശ്യങ്ങള്‍.

വീഡിയോയില്‍ ഒരു കൂട്ടം കര്‍ഷകരുടെ പിന്നില്‍ നിന്നും വാഹനമിടിച്ച് കയറ്റുന്നത് കാണാം. ഒരു വയോധികന്‍ വാഹനത്തില്‍ തട്ടി വീഴുന്നത് വ്യക്തമായി കാണാനാവുന്നുണ്ട്. നാലു കര്‍ഷകരുള്‍പ്പെടെ പത്ത് പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയ്‌ക്കെതിരെ എഫ്‌ഐആര്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ താനവിടെയില്ലായിരുന്നെന്നാണ് അജയ് മിശ്ര പറയുന്നത്.

കൊല്ലപ്പെട്ട നാല് കര്‍ഷകരുടെ കുടുംബത്തിന് 45 ലക്ഷം രൂപയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കി. ഇതോടെയാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വിട്ടുനല്‍കിയത്. 10 പേരാണ് സംഘര്‍ഷത്തിനിടെ മരിച്ചത്. ഇതില്‍ നാലു പേരെ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര സഞ്ചരിച്ച വാഹനം ഇടിച്ചുകയറ്റിയാണ് കൊന്നത്.

കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് ഗാന്ധിപ്പൂരിലെ ദേശീയ പാതയിലൂടെയുളള ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യം സംയുക്ത കിസാന്‍ മോര്‍ച്ച ഉയര്‍ത്തിട്ടുണ്ട്.

Next Story