ലഖിംപുര്‍: 'നടപടികളില്‍ തൃപ്തിയില്ല, സിബിഐയെ കൊണ്ടും കാര്യമില്ലെന്നാണ് തോന്നുന്നത്'; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
8 Oct 2021 8:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കര്‍ഷക കൂട്ടക്കൊലയില്‍ ഇതുവരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ അതൃപ്തി വ്യക്തമാക്കി സുപ്രീം കോടതി. ലഖീംപുരില്‍ നടന്നത് ക്രൂരമായ കൊലപാതകമാണ് എന്ന് നിരീക്ഷിച്ച സുപ്രീം കോടതി കേസ് അടുത്ത തവണ പരിഗണിക്കും മുന്‍പ് ശക്തമായ നടപടി വേണമെന്നും വ്യക്തമാക്കി. ആശിഷ് മിശ്രയ്ക്ക് എതിരായ ആരോപണം ഗുരുതരമാണ് എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഗുരുതമായ ഒരു കേസില്‍ ഇത്തരത്തിലാണോ ഇടപെടുക എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിനോടും യുപി സര്‍ക്കാറിനോടും കോടതിയുടെ ചോദ്യം. എന്തുകൊണ്ടാണ് നടപടികള്‍ വെറും വാക്കുകളില്‍ ഒതുങ്ങുന്നത് എന്നും കോടതി ആരാഞ്ഞു. കേസില്‍ ചോദ്യം ചെയ്യലിന് ഹാജറാവാന്‍ ആശിഷിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് യുപി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. നോട്ടീസ് പ്രകാരം ഹാജറായില്ലെങ്കില് നിയമ നടപടി സ്വീകരിക്കും എന്നും സര്‍ക്കാറിന് വേണ്ടി ഹാജറായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ അറിയിച്ചു.
ആശിഷ് നാളെ ഹാജറാവുമെന്ന് അദ്ദേഹത്തത്തിന് വേണ്ടി ഹാജറായ അഭിഭാഷകനും കോടതിയെ അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് ഹാജറാവുമെന്നാണ് അറിയിച്ചത്. ലഖിംപുര്‍ സംഭവത്തില്‍ സിബിഐ അന്വേഷണം ആവാമെന്ന നിലപാട് യുപി സര്‍ക്കാര്‍ സ്വീകരിച്ചു. എന്നാല്‍ കേസില്‍ പെട്ടവരെ നോക്കുമ്പോള്‍ സിബിഐയെ കൊണ്ടും കാര്യമില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. കേസ് ഒക്ടോബര്‍ 20 ന് വീണ്ടും പരിഗണിക്കും.