കനയ്യയും ജിഗ്നേഷും കോണ്‍ഗ്രസില്‍; സ്വാഗതം ചെയ്ത് നേതാക്കള്‍; കനയ്യ വഞ്ചിച്ചെന്ന് സിപിഐ
എന്നിട്ടും പോകാനുള്ള കാരണം അറിയില്ല.
28 Sep 2021 12:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം കനയ്യ കുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പ്രതികരിച്ചു. കനയ്യക്കൊപ്പം പാര്‍ട്ടി എക്കാലവും നിന്നിട്ടുണ്ട്. കനയ്യ പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തു പോവുകയായിരുന്നു. അദ്ദേഹത്തെ പാര്‍ട്ടി പദവികളില്‍ നിന്ന പുറത്താക്കിയെന്നും ഡി രാജ അറിയിച്ചു.
കനയ്യ കോണ്‍ഗ്രസില്‍ പോയത് നിര്‍ഭാഗ്യകരമാണെന്ന് കാനം രാജേന്ദ്രന് പ്രതികരിച്ചു. പോകില്ല എന്നായിരുന്നു തന്നോട് നേരത്തെ പറഞ്ഞത്. ബിഹാര്‍ ഘടകവുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അത് പരിഹരിച്ചതാണ്. എന്നിട്ടും പോകാനുള്ള കാരണം അറിയില്ല. കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചതായി അഭിപ്രായമില്ലെന്നും കാനം പറഞ്ഞു.
ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയനിലൂടെ ഉയര്‍ന്നുവന്ന കനയ്യ നിരവധി സമരങ്ങളിലൂടെ ശ്രദ്ധ നേടിയ വിപ്ലവ നേതാവായിരുന്നു. ആസാദി മുദ്രാവാക്യത്തിലൂടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായില്‍ മത്സരിച്ച കനയ്യ സിപിഐ ബിഹാര്‍ ഘടകവുമായി കലഹത്തിലായിരുന്നു.
തെരഞ്ഞെടുപ്പിലെ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംങ്, പാറ്റ്ന ഓഫീസ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം, ബിഹാറിലെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റണം എന്നി ആവശ്യങ്ങള്‍ കനയ്യ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചില്ല. ഇത് പാര്‍ട്ടി വിരുദ്ധമായിട്ടാണ് സിപിഐ കണ്ടത്. കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ അനുനയത്തിന് ശ്രമിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കണം തെരഞ്ഞടുപ്പ് സമിതി ചെയര്‍മാനാക്കണം എന്നീ ആവശ്യങ്ങള്‍ നേതൃത്വത്തിന് മുന്പില് അദ്ദേഹം വെച്ചിരുന്നു. ഇത് വരുന്ന ദേശീയ കൗണ്‍സലില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതിനിടെയാണ് കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശനം.
ജിഗ്നേഷ് മേവാനിയുമായുളള സൗഹൃദമാണ് ബദല്‍ കോണ്‍ഗ്രസ് എന്ന ചിന്തയിലേക്ക് കനയ്യയെ നയിച്ചത്. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹര്‍ദിക് പട്ടേലിന്റെ മധ്യസ്ഥതയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ട്ടി പ്രവേശനം സാധ്യമായത്. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാന്‍ പോകുന്ന പ്രശാന്ത് കിഷോറും അന്നത്തെ ചര്‍ച്ചയിലുണ്ടായിരുന്നു.