Top

പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഗോവിന്ദാചാര്യയും; 'ജീവനും വ്യക്തിസ്വാതന്ത്രത്തിനും ഭീഷണി'

പെഗാസസ് ഫോണ്‍ ചോര്‍ച്ചയില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗോവിന്ദാചര്യയും സുപ്രീംകോടതിയില്‍.

16 Aug 2021 6:52 AM GMT
Valsala

പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഗോവിന്ദാചാര്യയും; ജീവനും വ്യക്തിസ്വാതന്ത്രത്തിനും ഭീഷണി
X

പെഗാസസ് ഫോണ്‍ ചോര്‍ച്ചയില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗോവിന്ദാചര്യയും സുപ്രീംകോടതിയില്‍. ജീവനും വ്യക്തി സ്വാതന്ത്രത്തിനും എതിരെയുള്ള ഏറ്റവും വലിയ ഭീഷണിയാണ് നിയമവിരുദ്ധമായ നിരീക്ഷണമെന്ന് ഗോവിന്ദാചാര്യ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2000ത്തില്‍ നിലവില്‍ വന്ന സൈബര്‍ നിയമം അനുസരിച്ച് ഇത്തരം നിയമവിരുദ്ധ നിരീക്ഷണങ്ങള്‍ സൈബര്‍ ഭീകരവാദത്തിന്റെ പരിധിയിലാണ് ഉള്‍പ്പെടുന്നതെന്നും പെഗാസസില്‍ ഗോവിന്ദാചാര്യ വ്യക്തമാക്കി. പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി ഇന്നാണ് പരിഗണനയ്‌ക്കെടുക്കുന്നത്.

2019ല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഗോവിന്ദാചാര്യ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, പെഗാസസ് സ്‌പൈവെയര്‍ നിര്‍മ്മാതാക്കളായ എന്‍എസ്ഒ എന്നിവയ്‌ക്കെതിരെ വിവരങ്ങള്‍ ചോര്‍ത്തിയതിന് എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ആര്‍എസ്എസ് മുന്‍ സൈദ്ധാന്തികന്‍ അന്ന് പരമോന്നത കോടതിയെ സമീപിച്ചിരുന്നത്. പിന്നീട് ഹര്‍ജി സ്വമേധയാ പിന്‍വലിക്കുകയും ചെയ്തിരുന്നു. പെഗാസസ് ഉപയോഗിച്ച് വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗോവിന്ദാചാര്യ 2019ല്‍ ഹര്‍ജി നല്കിയത്.

ഇന്ത്യയില്‍ പെഗാസസ് വിവരചോര്‍ച്ചയുടെ വ്യാപ്തി, ഏതൊക്കെ സംവിധാനങ്ങളാണ് പെഗാസസ് ഉപയോഗിച്ചത് എന്നിവ സംബന്ധിച്ച് സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഗോവിന്ദാചാര്യ വ്യക്തമാക്കിയിരിക്കുന്നത്.

Next Story