Top

'ഭര്‍ത്താക്കന്‍മാരാല്‍ തഴയപ്പെട്ട ഹിന്ദു സ്ത്രീകള്‍'; മോദിക്കെതിരെ പരാമര്‍ശമായി ഒവൈസി; കേസെടുത്ത് യുപി പൊലീസ്

ഗുജറാത്തില്‍ ബാബി ഒറ്റയ്ക്കാണ് കഴിയുന്നത്

10 Sep 2021 12:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭര്‍ത്താക്കന്‍മാരാല്‍ തഴയപ്പെട്ട ഹിന്ദു സ്ത്രീകള്‍; മോദിക്കെതിരെ പരാമര്‍ശമായി ഒവൈസി; കേസെടുത്ത് യുപി പൊലീസ്
X

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസിക്കെതിരെ കേസെടുത്ത് യുപി പൊലീസ്. ബാരബങ്കി പൊലീസ് സ്റ്റേഷനിലാണ് ഉവൈസിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ അടിസ്ഥാനരഹിതവും മാന്യതയ്ക്ക് നിരക്കാത്തതുമായ പ്രസ്താവനകള്‍ ഒവൈസി നടത്തിയെന്നും എസ്പി യമുന പ്രസാദ് അറിയിച്ചു.

നൂറുവര്‍ഷം പഴക്കമുള്ള രാം സന്യാഹി പള്ളി ഉന്‍മൂലനം ചെയ്ത് അതിന്റെ അവശിഷ്ടങ്ങള്‍ വരെ മാറ്റിയെന്നാണ് ഉവൈസി യുപിയില്‍ പ്രസംഗത്തിനിടെ അഭിപ്രായപ്പെട്ടത്. ഇത് മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന് യമുന പ്രസാദ് വ്യക്തമാക്കി. ട്രിപ്പിള്‍ തലാഖ് സംബന്ധിച്ച അഭിപ്രായത്തിലാണ് പ്രധാനമന്ത്രി മോദിയെ അവഹേളിക്കുന്ന പ്രസ്താവന ഒവൈസി നടത്തിയെന്നാണ് ആരോപണം. ബിജെപി മുസ്ലീം സ്ത്രീകള്‍ അനുഭവിക്കുന്ന അനീതിക്കെതിരെ സംസാരിക്കുന്നു. എന്നാല്‍ ഭര്‍ത്താക്കന്‍മാരാല്‍ തഴയപ്പെട്ട ഹിന്ദു സ്ത്രീകളെ കുറിച്ച് നാവടച്ചിരിക്കുകയാണ്. ഗുജറാത്തില്‍ ബാബി ഒറ്റയ്ക്കാണ് കഴിയുന്നതെന്നും അതിന് ആരും ഉത്തരം നല്കുന്നില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഭാര്യയെ പരാമര്‍ശിച്ച് ഒവൈസി അഭിപ്രായപ്പെട്ടതെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ഉവൈസി ശക്തമായി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റ ശേഷം രാജ്യത്തെ മതേതരത്വം നശിപ്പിച്ച് ബിജെപി അജണ്ടയായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും യുപിയില്‍ പ്രസംഗത്തിനിടെ ഉവൈസി ആരോപിച്ചിരുന്നു.

വരുന്ന യുപി തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ എഐഎംഐഎം 100 സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് ഉവൈസിയുടെ യുപി സന്ദര്‍ശനം.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മാസ്‌ക്കും സാമൂഹിക അകലവും ഇല്ലാതെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പാര്‍ട്ടി റാലി വിളിച്ചുചേര്‍ത്തതിനും എംപിയ്‌ക്കെതിരെ കേസെടുത്തെന്ന് പൊലീസ് വ്യക്തമാക്കി.

Next Story

Popular Stories