വാക്സിന് മിക്സിംഗ് ഫലപ്രദമാണോ?; കോവിഷീല്‍ഡും കോവാക്സിനും ഇടകലര്‍ത്തുന്നതില്‍ വിശദീകരണവുമായി ഐസിഎംആര്‍
പഠനങ്ങള്‍ പ്രകാരം വാക്സിന് മിക്സിംഗിലൂടെ രോഗ പ്രതിരോധം വര്‍ദ്ധിക്കുമെന്നാണ് കണ്ടെത്തല്‍.
8 Aug 2021 9:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് വാക്സിനുകള്‍ ഇടകലര്‍ത്തി നല്കിയാല് എന്തു സംഭവിക്കുമെന്നതില്‍ വിശദീകരണവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. വാക്സിനേഷന് ആരംഭിച്ചത് മുതല്‍ ഉയര്‍ന്നുവന്ന ആശങ്കകളിലും പരാതികളിലും പ്രധാനപ്പെട്ട ഒന്നായിരുന്നു വാക്സിന് മിക്സ് ചെയ്താല്‍ എന്തു സംഭവിക്കും എന്നത്. വിഷയത്തില്‍ ഐസിഎംആറിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പഠനങ്ങള്‍ പ്രകാരം വാക്സിന് മിക്സിംഗിലൂടെ രോഗ പ്രതിരോധം വര്‍ദ്ധിക്കുമെന്നാണ് കണ്ടെത്തല്‍.
വിഷയത്തില്‍ വിശദമായ പഠനം നടക്കാതിരുന്ന പശ്ചാത്തലത്തില്‍ ഒരേ വാക്സിന്റെ രണ്ടു ഡോസുകള്‍ എടുക്കുന്നതാവും നല്ലതെന്നായിരുന്നു ഐസിഎംആര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ മെയ്, ജൂണ്‍ മാസങ്ങളിലായി ഉത്തര്‍ പ്രദേശില്‍ നടന്ന പഠനത്തിലാണ് വാക്സിന് മിക്സിംഗ് കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയത്. പഠനങ്ങള്‍ പ്രകാരം അഡിനോവൈറസ് വെക്ടര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള വാക്സിനും പിന്നാലെ വാക്സിനെ നിര്‍വീര്യമാക്കി നിര്‍മിക്കുന്ന വാക്സിനും സ്വീകരിക്കുന്നത് സുരക്ഷിതവും വൈറസിന്റെ വകഭേദങ്ങള്‍ക്കെതിരെ കൂടുതല്‍ പ്രതിരോധം നല്‍കുമെന്നും ഐസിഎംആര്‍ പറയുന്നു. എന്നാല്‍ ഇതിനുള്ള അനുമതി ഇതേവരെ ഐസിഎംആര്‍ നല്‍കിയിട്ടില്ല.
യു പിയില്‍ വാക്സിനുകള്‍ അബദ്ധത്തില്‍ ഇടകലര്‍ത്തിയെടുത്ത 18 പേരില്‍ നടത്തിയ പഠനത്തിലാണ് ഇവരില്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിക്കുമെന്ന കണ്ടെത്തലിലേക്ക് വിദഗ്ധര്‍ എത്തിയത്. പുനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠനം നടത്തിയത്. മാത്രമല്ല വാക്സിന് മിക്സിംഗിലൂടെ ചെറിയ തോതിലെങ്കിലും വാക്സിന് ക്ഷാമം തടയാന്‍ കഴിയുമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.
എന്നാല്‍ വാക്സിന് മിക്സിംഗിന് ഔദ്യോഗിക അനുമതിയില്ലാത്ത സാഹചര്യത്തില്‍ രണ്ട് വാക്സിനുകള്‍ മാറി സ്വീകരിക്കരുതെന്ന് തന്നെയാണ് നിര്‍ദ്ദേശമുള്ളത്. വിശദവും വ്യക്തവുമായ പഠനങ്ങള്‍ നടത്താതെ ഇതിനെ അംഗീകരിക്കാനാവില്ലെന്നും ഒരു പക്ഷെ ഇത് അപകടകരമായ പ്രവണതയായി മാറിയേക്കാമെന്നും കഴിഞ്ഞ ജൂലൈയില്‍ ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ നിലവില്‍ വാകിസിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിന് അനുമതിയില്ല.