Top

ആറുവയസുകാരിയുടെ കൊലപാതകം: പ്രതിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന് തെലുങ്കാന മന്ത്രി

പ്രതി അറസ്റ്റിലായെന്ന് തെറ്റായ വിവരം പുറത്തുവിട്ട് മറ്റൊരുമന്ത്രി

15 Sep 2021 6:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആറുവയസുകാരിയുടെ കൊലപാതകം: പ്രതിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന് തെലുങ്കാന മന്ത്രി
X

ഹൈദരാബാദില്‍ ആറുവയസ്സുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പിടികൂടി ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന വിവാദ പ്രസ്താവനയുമായി തെലുങ്കാന തൊഴില്‍ മന്ത്രി മല്ല റെഡ്ഡി. റേപ്പിസ്റ്റായ കൊലപാതകിയെ ഉടന്‍ പിടികൂടുമെന്നും പിടികൂടിയാല്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്നുമാണ് മന്ത്രി മല്ല റെഡ്ഡി ഹൈദരാബാദില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ പ്രസ്താവിച്ചത്.

ഇതിനിടെ സംഭവത്തില്‍ പ്രതി അറസ്റ്റിലായെന്ന് തെറ്റായ വിവരം പുറത്തുവിട്ട് മറ്റൊരു മന്ത്രിയായ കെടി രാമറാവു വിവാദത്തിലുമായി.

അതേസമയം, കൊലപാതകത്തില്‍ ആരോപണവിധേയനായ മുപ്പതുവയസ്സുകാരന്റെ ഫോട്ടോകള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം നല്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ പ്രതിഫലവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണ വിധേയനായ പല്ലാകൊണ്ട സ്വദേശി രാജു കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയായിരുന്നു. സെപ്തംബര്‍ ഒന്‍പതിനാണ് കുഞ്ഞിനെ ഹൈദരാബാദിലെ സിങ്കരനി കോളനിയില്‍ നിന്ന് കാണാതാവുന്നത്. തൊട്ടടുത്തദിവസം കുഞ്ഞിന്റെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ അയല്‍വാസിയായ രാജുവിന്റെ വീട്ടില്‍ നിന്ന്് കണ്ടെത്തുകയായിരുന്നു.

കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് സംഭവം നടന്ന പ്രദേശത്ത് അരങ്ങേറുന്നത്. ഇതിനിടെയാണ് മന്ത്രി കെടി രാമറാവു പ്രതി അറസ്റ്റിലായെന്ന വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ പിന്നീട് തനിക്ക് ലഭിച്ചത് തെറ്റായ വിവരമായിരുന്നുവെന്ന് മന്ത്രി തിരുത്തുകയും ചെയ്തു. അതിനിടെ ഹൈദരാബാദിനെ നടുക്കിയ ദാരുണ സംഭവത്തില്‍ രാഷ്ട്രീയ സിനിമാമേഖലയിലുള്ളവരും പ്രതികരിച്ചിട്ടുണ്ട്.

Popular

    Next Story