ജിഎസ്ടി വരുമ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തില്‍ വരുന്ന മാറ്റമെന്ത്?
ഭക്ഷണം വിതരണം നടത്തുന്ന ഓണ്‍ലൈന്‍ ശൃംഖലകള്‍ക്ക് ജിഎസ്ടി ശേഖരിക്കേണ്ട ഉത്തരവാദിത്വം കൈമാറുന്നതാണ് പുതിയ തീരുമാനം
18 Sep 2021 8:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലഖ്നൗവില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ നിര്‍ണായക തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഭക്ഷണ വിതരണത്തെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ഇതുവരെ ജിഎസ്ടി പരിധിയില്‍ ഇല്ലാതിരുന്ന ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള് ഇനി അഞ്ച് ശതമാനം നികുതിയാണ് നല്‍കേണ്ടത്. ജനുവരി ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം ജിഎസടി പരിധിയിലേക്ക് മാറും. ഇത്തരം ഒരു സാഹചര്യം വരുമ്പോള്‍ വ്യാപകമായ ഭക്ഷണ വിതരണത്തില്‍ എന്ത് മാറ്റമാണ് വരികയെന്നാണ് ഏവരും ശ്രദ്ധിക്കുന്നത്.
ഭക്ഷണം വിതരണം നടത്തുന്ന ഓണ്‍ലൈന്‍ ശൃംഖലകള്‍ക്ക് ജിഎസ്ടി ശേഖരിക്കേണ്ട ഉത്തരവാദിത്വം കൈമാറുന്നതാണ് പുതിയ തീരുമാനം. ജനുവരി ഒന്നുമുതല്‍ സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലകള്‍ ഉപഭോക്താവില്‍ നിന്ന് നേരിട്ട് അഞ്ചുശതമാനം ജിഎസ്ടി ശേഖരിച്ച് റെസ്റ്റോറന്റുകള്‍ക്ക് നേരിട്ട് കൈമാറുന്ന നിലയുണ്ടാവും. ഇപ്പോള്‍ ജിഎസ്ടി അടയ്ക്കാത്ത റെസ്റ്റോറന്റുകളെ ലക്ഷ്യം വെച്ചാണ് ജിഎസ്ടി കൗണ്‍സിലിന്റെ നീക്കം.
നികുതി ഇടാക്കുന്നതില്‍ വരുന്ന മാറ്റം
ഓണ്‍ലൈന്‍ ഫൂഡ് പ്ലാറ്റ്ഫോമില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇപ്പോള്‍ റെസ്റ്റോറന്റ് ആണ് നികുതി അടയ്ക്കുന്നത്. പുതിയ രീതി അനുസരിച്ച് ഉപഭോക്താവ് ആഗ്രഹിക്കുന്ന റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ ജിഎസ്ടി ഉള്‍പ്പടെ ശേഖരിച്ച് റെസ്റ്റോറന്റുകള്‍ക്ക് വേണ്ടി സര്‍ക്കാറിന് നേരിട്ട് കൈമാറുകയാണ് ചെയ്യുക. ഓണ്‍ലൈന്‍ വില്പനയില് പല റെസ്റ്റോറന്റുകള്‍ക്കും ഭീമമായ വരുമാന വര്‍ധനയുണ്ടെങ്കിലും നികുതി അടയ്ക്കുന്നതില്‍ വിമുഖരാണെന്ന് ജിഎസ്ടി കൗണ്‍സില്‍ കണ്ടെത്തിയിരുന്നു. റെസ്റ്റോറന്റുകളുടെ നികുതി വെട്ടിപ്പും പല സംസ്ഥാനങ്ങളിലും വ്യാപകമാണ്.
ഉപഭോക്താക്കളെ ബാധിക്കുന്നതെങ്ങനെ
ഓണ്‍ലൈന്‍ ഓര്‍ഡറില്‍ നല്‍കിയിരുന്ന അഞ്ചുശതമാനം ജിഎസ്ടി നല്‍കുന്നത് തുടരുക മാത്രമാണ് ഉപഭോക്താവിനെ സംബന്ധിച്ച് വേണ്ടിവരിക എന്നാണ് വിലയിരുത്തല്‍. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് അനുസരിച്ചാണ് അഞ്ച് ശതമാനം നികുതി ഫൂഡ് അഗ്രിഗേറ്റര്‍ ഇനി നല്‍കേണ്ടത്. പ്രത്യക്ഷത്തില്‍ ഇത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരെ ബാധിക്കാത്ത നിലയില്‍ ആണെങ്കിലും നികുതി ഏര്‍പ്പെടുത്തുന്നത് കമ്പനികള്‍ ഡെലിവറി ചാര്‍ജുകള്‍ ഉയര്‍ത്താന്‍ കാരണമായേക്കാം. അതേസമയം ഇരുപതുലക്ഷത്തില്‍ താഴെ വരുമാനം മാത്രമുള്ള ചെറുകിട റെസ്റ്റോറന്റുകള്‍ക്ക് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.
സര്‍ക്കാര്‍ ലക്ഷ്യം
2020 ല്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ വിപണിയുടെ വ്യാപ്തി തന്നെയാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. 4,350 കോടി ഡോളറിന്റേതാണ് മൊത്തം വിപണി. 2021- 2026 കാലയളവില്‍ ഈ രംഗത്ത് വിപണി 30.1 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. നികുതി ചുമത്തിയതോടെ ഈ രംഗത്തു നിന്നുള്ള സര്‍ക്കാരിന്റെ വരുമാനവും വലിയ തോതില്‍ ഉയര്‍ന്നേക്കും.