Top

'ഞങ്ങളെന്ത് തെറ്റാണ് ചെയ്തത്?' ഹത്രാസ് ദളിത് പെൺകുട്ടിയുടെ കുടുംബം ഒരു വർഷമായി യുപിയിൽ നേരിടുന്നത്

പെൺകുട്ടിയുടെ ചിതാഭസ്മം ഇപ്പോഴും ബന്ധുക്കൾ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്

15 Sep 2021 7:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞങ്ങളെന്ത് തെറ്റാണ് ചെയ്തത്? ഹത്രാസ് ദളിത് പെൺകുട്ടിയുടെ കുടുംബം ഒരു വർഷമായി യുപിയിൽ നേരിടുന്നത്
X

ഹത്രാസിൽ കഴിഞ്ഞ വർഷം കൂട്ടബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുബം ഒരു വർഷത്തിനിപ്പുറം തങ്ങളുടെ ​ഗ്രാമത്തിൽ നിന്നും നേരിടുന്നത് കടുത്ത വിവേചനവും ഭീഷണിയും. ​ സവർണ വിഭാ​ഗത്തിൽ പെട്ട പ്രതികളുടെ സംഘം ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ ദളിത് കുടുംബത്തിന്റെ വീടിനു ചുറ്റും സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. 35 സിആർപിഎപ് ഉദ്യോ​ഗസ്ഥർ ഇപ്പോഴും വീടിന് കാവൽ നിൽക്കുകയാണ്. ​ഗ്രാമത്തിലെ ഭൂരിഭാ​ഗം പേരും പ്രതികളെ പിന്തുണയ്ക്കുന്നവരാണെന്നും തങ്ങളെ ഒറ്റപ്പെടുത്തുകയാണെന്നും ഇവർ പറയുന്നു. താക്കൂർ വിഭാ​ഗത്തിൽ പെട്ട സന്ദീപ്, രവി, ലവ് കുശ്, രാമു എന്നീ നാല് പേരാണ് കേസിലെ പ്രതികൾ. സവർണ വിഭാ​ഗത്തിൽ പെട്ട ഇവർക്ക് ആൾ സ്വാധീനവും ധനസ്വാധീനവും ഉണ്ട്.

"ഞങ്ങൾക്കിവിടെ ശ്വാസം മുട്ടുന്നു. ആരും ഞങ്ങളോട് സംസാരിക്കുന്നില്ല. ഞങ്ങളെ ക്രിമിനലുകളെ പോലെയാണ് കാണുന്നത്. സിആർപിഎഫ് പോവുമ്പോൾ ​ഗ്രാമവാസികൾ തങ്ങളെ ആക്രമിക്കുമെന്ന് എനിക്കറിയാം. എനിക്ക് മൂന്ന് പെൺകുട്ടികളാണ്. അവരുടെ സുരക്ഷയിൽ ആശങ്കയുണ്ട്," കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൂത്ത സഹോദരൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സഹോദരിയുടെ മരണത്തിനു ശേഷം ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു.

എന്നാൽ ഈ ​ഗ്രാമം വിടുകയെന്നത് അത്ര എളുപ്പമല്ലെന്നും 70-80 വർഷമായി ​ഗ്രാമത്തിലാണ് താമസിക്കുന്നതെന്നും പെൺകുട്ടിയുടെ പിതാവ് പറയുന്നു. "ഈ സ്ഥലം പെട്ടന്നു വിട്ടു പോവാൻ പറ്റില്ല. ജനങ്ങൾ ഞങ്ങളെ അം​ഗീകരിക്കണം. ഞങ്ങളെന്ത് തെറ്റാണ് ചെയ്തത്. ഞങ്ങൾക്ക് ക്ഷേത്രത്തിലോ മാർക്കറ്റിലോ പോവാൻ പറ്റുന്നില്ല. മുഴുവൻ സമയവും വീട്ടിലിരുന്ന് കോടതി വിധി പെട്ടന്ന് വരാൻ വേണ്ടി പ്രാർത്ഥിക്കുകയാണ്",

തങ്ങൾക്ക് വേണ്ടി മാത്രമല്ല ഈ നിയമ പോരാട്ടമെന്നും ​ഗ്രാമത്തിൽ നിലനിൽക്കുന്ന സാമൂഹിക അനീതിക്കെതിരെയാണെന്നും കുടുംബം പറയുന്നു. പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊന്ന കേസിൽ രണ്ട് കേസുകളാണ് നിലനിൽക്കുന്നത്. അലഹബാദ് ഹൈക്കോടതിയിലും ഹാത്രാസിലെ എസ് സി എസ്ടി കോടതിയുമാണ് ഇവ പരി​ഗണിക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹം പരിശോധനയ്ക്ക് മുമ്പ് നിർബന്ധിച്ച് ദഹിപ്പിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അലഹബാദ് ഹൈക്കോടതിയിൽ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല.

ജയിലിലുള്ള പ്രതികളെ കാണാൻ ഇവരുടെ ബന്ധുക്കൾ കാറുകളിൽ ​ഗ്രാമവാസികളുടെ വലിയ അകമ്പടിയോടെയാണ് എത്താറ്. ​എന്നാൽ തങ്ങളോടൊപ്പം ​ഗ്രാമത്തിൽ നിന്നും ഒരാൾ പോലുമില്ലെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു. തങ്ങളെയും തങ്ങളുടെ അഭിഭാഷകനെയും ​ഗ്രാമവാസികൾ തുടരെ ഭീഷണിപ്പെടുത്താറുണ്ടെന്നും താക്കൂർ വിഭാ​ഗത്തിലെ പ്രതികളെ സംരക്ഷിക്കാൻ അവർ എന്തും ചെയ്യുമെന്നും ഈ ദളിത് കുടുംബം പറയുന്നു. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ നഷ്ടപരിഹാരമായി 25 ലക്ഷം രൂപ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ യുപി സർക്കാർ വാ​ഗ്ദാനം ചെയ്ത വീടും ജോലിയും ഇതുവരെ ലഭിച്ചിട്ടില്ല.

2020 സെപ്റ്റംബർ 14 നാണ് 19 കാരിയായ ദളിത് പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായത്. ​ഗുരുതരമായി പരിക്കേറ്റ് വയലിൽ കിടന്ന പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും 11 ദിവസത്തിനു ശേഷം പെൺകുട്ടി മരിച്ചു. മരിച്ച അന്നു തന്നെ പെൺകുട്ടിയുടെ മൃതദേഹം ​ഗ്രാമത്തിലെത്തിച്ച് രാവിലെ 3.30 ഓടെ യുപി പൊലീസും ഉദ്യോ​ഗസ്ഥരും ദഹിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു ഇത്. പെൺകുട്ടിയുടെ ചിതാഭസ്മം ഇപ്പോഴും ബന്ധുക്കൾ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. നീതി ലഭിച്ച ശേഷം മാത്രമേ തങ്ങളുടെ മകളുടെ അന്തിമ ചടങ്ങുകൾ നടത്തൂയെന്നാണ് ഇവർ പറയുന്നത്.

Popular

    Next Story