Top

'ഹരിയാനയില്‍ കര്‍ഷകര്‍ക്കെതിരെ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ആക്രമണം'; ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമരീന്ദര്‍

സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത തീര്‍ത്തും അപലപനീയമായ അക്രമണമാണ് ഹരിയാനയില്‍ കര്‍ഷകര്‍ക്കെതിരെ നടന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

29 Aug 2021 7:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിയാനയില്‍ കര്‍ഷകര്‍ക്കെതിരെ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ആക്രമണം; ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമരീന്ദര്‍
X

സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത തീര്‍ത്തും അപലപനീയമായ അക്രമണമാണ് ഹരിയാനയില്‍ കര്‍ഷകര്‍ക്കെതിരെ നടന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കര്‍ഷകര്‍ക്കെതിരെ ഹരിയാനയില്‍ ദുഷ്ടലാക്കോടെ നടന്ന ആക്രമണം ഒരിക്കലും സ്വീകാര്യമല്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം ഹരിയാനയില്‍ കര്‍ഷകര്‍ക്കെതിരെ നടന്ന പൊലീസ് നടപടിയില്‍ പ്രതികരിക്കുകയായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.

ഹരിയാനയില്‍ ബജെപി സംസ്ഥാന അധ്യക്ഷന്‍ ഒപി ധന്‍ക്കറേയും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറേയും കര്‍ഷകര്‍ റോഡില്‍ ഉപരോധിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. കര്‍നാലയില്‍ പാര്‍ട്ടി യോഗത്തിന് പോകുന്നതിനിടെയാണ് ഇരുവരേയും കര്‍ഷകര്‍ ഉപരോധിച്ചത്. തുടര്‍ന്ന് നടന്ന ലാത്തിചാര്‍ജില്‍ നിരവധി കര്‍ഷകര്‍ക്കാണ് പരുക്കേറ്റത്.

ഹരിയാന പൊലീസ് ഇതാദ്യമായല്ല കര്‍ഷകര്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കുന്നത്. കര്‍ഷക പ്രതിഷേധങ്ങളെ അവസാനിപ്പിക്കാന്‍ ഒരിക്കല്‍ കൂടി ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പൊലീസിന്റെ മൃഗീയ ശക്തി ഉപയോഗിച്ച് നിരാശപ്പെടുന്നതാണ് കഴിഞ്ഞ ദിവസം കണാന്‍കഴിഞ്ഞത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം തകര്‍ക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ പരാജയപ്പെടുകയാണ്. ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍ പ്രതിഷേധത്തിനിടെ ലാത്തിചാര്‍ജില്‍ പരുക്കേറ്റ കര്‍ഷകരോട് മാപ്പുപറയണമെന്നും അമരീന്ദര്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കെതിരെ നടത്തിയ ഭീതിതമായ നടപടികളില്‍ പഞ്ചാബ് ഉള്‍പ്പടെ വരാനിരിക്കുന്ന അടുത്ത തെരഞ്ഞെടുപ്പുകളില്‍ ബിജെപി തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമരീന്ദര്‍ ചൂണ്ടിക്കാണിച്ചു.

ഹരിയാനയില്‍ ശനിയാഴ്ച്ച നടന്ന കര്‍ഷക റോഡ് ഉപരോധത്തെ പൊലീസ് ശക്തമായാണ് നേരിട്ടത്. പലപ്രദേശങ്ങളിലും കര്‍ഷകരും പൊലീസും ഏറ്റുമുട്ടുകയും ചെയ്തു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി കര്‍ഷകര്‍ക്കാണ് സാരമായ പരുക്കേറ്റത്. നേരത്തേയും ഹരിയാന സര്‍ക്കാര്‍ കര്‍ഷക പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടത് വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു.

Next Story