Top

മുന്‍ ഗെയിംസുകളിലെ സമ്മാനതുക ഇനിയും നല്കിയില്ല ; 'വീഡിയോ കോളല്ല മുഖ്യം വാഗ്ദാനം ചെയ്ത തുക കൈമാറണം', പ്രധാനമന്ത്രിയോട് രാഹുല്‍

ഹരിയാന ഒളിമ്പ്യന്‍മാര്‍ക്ക് സമ്മാനതുക നല്കാത്തത് റിപ്പോര്‍ട്ട് ചെയ്ത പത്രത്തിന്റെ കോപ്പിയും രാഹുല്‍ ടാഗ് ചെയ്തിട്ടുണ്ട്.

9 Aug 2021 11:59 AM GMT
Valsala

മുന്‍ ഗെയിംസുകളിലെ സമ്മാനതുക ഇനിയും നല്കിയില്ല ; വീഡിയോ കോളല്ല മുഖ്യം വാഗ്ദാനം ചെയ്ത തുക കൈമാറണം, പ്രധാനമന്ത്രിയോട് രാഹുല്‍
X

വീഡിയോ കാളുകള്‍ ധാരളമായി, ഇനി വേണ്ടത് സമ്മാനമായി പ്രഖ്യാപിച്ച തുക കൈമാറുകയാണെന്ന് പ്രധാനമന്ത്രി ഒളിമ്പിക്‌സ് ജേതാക്കളെ ആശംസിക്കുന്നതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ടോക്യോ ഒളിമ്പിക്‌സ് ജേതാക്കളായ പലര്‍ക്കും ഏഷ്യന്‍ ഗെയിംസിലും മറ്റു അന്താരാഷ്ട്ര മത്സരങ്ങളിലും പ്രഖ്യാപിച്ച സമ്മാന തുക ഇനിയും നല്കിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചാണ് പ്രധാനമന്ത്രിയെ രാഹുല്‍ വിമര്‍ശിച്ചത്. അഭിനന്ദനത്തിനോടൊപ്പം കളിക്കാര്‍ക്ക് അവരുടെ ഇനിയും കൈമാറാന്‍ ബാക്കിയുള്ള സമ്മാനതുക കൈമാറുകയാണ് വേണ്ടത്. സ്‌പോര്‍ട്‌സ് ബജറ്റ് വെട്ടികുറയ്ക്കരുതെന്ന് രാഹുല്‍ മോദിയോട് ആവശ്യപ്പെട്ടു. ഹരിയാന ഒളിമ്പ്യന്‍മാര്‍ക്ക് സമ്മാനതുക നല്കാത്തത് റിപ്പോര്‍ട്ട് ചെയ്ത പത്രത്തിന്റെ കോപ്പിയും രാഹുല്‍ ടാഗ് ചെയ്തിട്ടുണ്ട്.

ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, ഗുസ്തിയിലെ വെങ്കല മെഡല്‍ ജേതാവ് ബജ്‌രംഗ് പൂനിയ എന്നിവരുടെ 2019ലെ ട്വീറ്റുകളും രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ പ്രഖ്യാപിച്ച സമ്മാന തുക നല്കാത്തതില്‍ പ്രതിഷേധിച്ചെഴുതിയ ബജ്‌രംഗ് പൂനിയയുടെ ട്വീറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പണത്തിനുള്ള ആഗ്രഹം കൊണ്ടല്ല, വാഗ്ദാനം ചെയ്ത തുക നല്കിയിട്ടില്ലെങ്കില്‍ സ്‌പോര്‍ട്ട്‌സ് താരങ്ങള്‍ എങ്ങിനെയാണ് പ്രതീക്ഷക്കൊത്ത് ഉയരുകയെന്നാണ് ബജ്‌രംഗ് പൂനിയ ട്വീറ്റില്‍ ചോദിക്കുന്നത്. നീരജ് ചോപ്രയും വാഗ്ദാനം ചെയ്ത സമ്മാന തുക ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം ഒളിമ്പിക്‌സ് ജേതാക്കള്‍ക്ക് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്‍ സമ്മാനതുകയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹരിയാനയും ഒളിമ്പിക്‌സ് ജേതാക്കള്‍ക്ക് വന്‍തുക സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയില്‍ നിന്നുമാണ് ചോപ്രയും പൂനയുമെന്ന പ്രത്യേകത കൂടിയുണ്ട്. അതിനിടെയാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച് രാഹുല്‍ ട്വീറ്റ് ചെയ്യുന്നത്.

Next Story