Top

'മുറിവേറ്റ ക്യാപ്റ്റന്‍'; പഞ്ചാബില്‍ സിദ്ദു 'മാജിക്ക്' പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

20 Sep 2021 3:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുറിവേറ്റ ക്യാപ്റ്റന്‍; പഞ്ചാബില്‍ സിദ്ദു മാജിക്ക് പ്രതീക്ഷിച്ച് കോണ്‍ഗ്രസ്
X

നിയസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പഞ്ചാബില്‍ കോണ്‍ഗ്രസ് നടത്തിയ നേതൃമാറ്റത്തിന്റെ അലയൊലികള്‍ അടങ്ങിയേക്കില്ല. കിങ് മേക്കറാവാന്‍ പിപിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു ഒരുങ്ങുമ്പോള്‍ മുറിവേറ്റ പോരാളിയായി മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങും രാഷ്ട്രീയത്തില്‍ തുടരുമ്പോള്‍ പഞ്ചാബ് രാഷ്ട്രീയം മുന്‍പില്ലാത്ത തലത്തില്‍ കലുഷിതമായേക്കും.

ഇത്തരം ഒരു സാഹചര്യം മുന്നില്‍ കണ്ടാണ് ദലിത് സിഖ് നേതാവ് ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കി ഒരു സമവായ നീക്കത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുതിര്‍ന്നത്. രാജി വച്ചതിന് പിന്നാലെ അമരീന്ദര്‍ സിങ് പിപിസി അധ്യക്ഷനെതിരെ നടത്തിയ പ്രതികരണങ്ങള്‍ പോരിനിറങ്ങുമെന്ന സൂചനയും നല്‍കിയിരുന്നു. എന്നാല്‍ ചന്നിക്ക് ആശംസയറിച്ച് ക്യാപറ്റന്‍ പ്രതികരിച്ചതോടെ ചെറിയ ആശ്വാസത്തിനും വഴിവച്ചിട്ടുണ്ട്.

എന്നാല്‍, പഞ്ചാബ് കോണ്‍ഗ്രസില്‍ സിദ്ദു ശക്തനാവുന്നു എന്നാണ് പുതിയ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന് കീഴില്‍ പോരാടുമെന്ന് വ്യക്തമാക്കുകയാണ് നേതൃത്വം. പഞ്ചാബ് കോണ്‍ഗ്രസില്‍ ചുമതലയുള്ള ഹരീഷ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇനി വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന സംസ്ഥാന അധ്യക്ഷന്‍ തീരുമാനിക്കും. നവജ്യോത് സിംഗ് സിദ്ദു വളരെ ജനപ്രിയനാണ് എന്നും റാവത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കുന്നു. ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് എടുത്ത തീരുമാനം ഒറ്റകെട്ടായി കൈക്കൊണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. സത്യപ്രതിജ്ഞയില്‍ അമരീന്ദര്‍ സിങ്് ഉണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും റാവത്ത് പറഞ്ഞു.

ചരണ്‍ജിത് സിംഗ് ചന്നി മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കൂടി ഉണ്ടാകണം എന്നാണ് പാര്‍ട്ടിയുടെ താല്‍പര്യം. ചില പേരുകള്‍ പരിഗണനയിലുണ്ട്. പാര്‍ട്ടി ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തതിനു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകൂവെന്നും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കൂടിയായ ഹരീഷ് റാവത്ത് പറഞ്ഞു.

അതിനിടെ, ചരണ്‍ജിത് സിംഗ് ചാന്നി പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഇന്ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. പഞ്ചാബ് ഗവര്‍ണര്‍ ബല്‍വരിലാല്‍ പുരോഹിതിനെ സന്ദര്‍ശിച്ച ചരണ്‍ജിത് സിങ്, മുഖ്യമന്ത്രിയാകാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു.

Popular Stories

    Next Story