'രാജ പാരമ്പര്യമല്ല, നേതാക്കള്‍ക്ക് വേണ്ടത് ജനസ്വാധീനം'; തന്ത്രം മാറ്റിപയറ്റുന്ന കോണ്‍ഗ്രസ്
28 Sep 2021 7:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം കനയ്യ കുമാറിനെയും, ഗുജറാത്തില്‍ നിന്നുള്ള ദളിത് ലീഡര്‍ ജിഗ്നേഷ് മെവാനിയെയും സ്വന്തം പാളയത്തിലെത്തിക്കുമ്പോള്‍ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത് പുതിയൊരു രാഷ്ട്രീയ തന്ത്രം. രാജ പാരമ്പര്യമുള്ള നേതാക്കളല്ല മറിച്ച് ജനങ്ങളില്‍ സ്വാധീനമുള്ള, ജനങ്ങള്‍ക്ക് താല്പര്യമുള്ള അടിസ്ഥാന വര്‍ഗ്ഗവിഭാഗങ്ങളെ അഭിസംബോധന ചെയ്യുന്നതുമായ നേതാക്കളുടെ കടന്ന് വരവ് ദേശീയ ശ്രദ്ധ പിടിച്ച് പറ്റുന്നതും. കന്നയ്യയുടെ കോണ്‍ഗ്രസ് പ്രവേശനം പാര്‍ട്ടി എത്രത്തോളം പ്രതീക്ഷയോടെ കാണുന്നു എന്നതിന് തെളിവാണ് എഐസിസി ആസ്ഥാനത്തിന് മുന്നില്‍ സ്വാഗതമോതിക്കൊണ്ടുള്ള വലിയ ബോര്‍ഡുകളും മറ്റും.
2018 ലായിരുന്നു കന്നയ്യ കുമാര്‍ സിപിഐ അംഗമാവുന്നത് പൊതു തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ്. എന്നാല്‍ 2016 ല്‍ തന്നെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയിരുന്നു. ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന് നേതാവായിരുന്ന കന്നയ്യ ദേശ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ്. പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു കേസ്. എന്നാല്‍ ജയില്‍ മോചിതനായി തിരിച്ചെത്തിയ കന്നയ്യ കൂടുതല്‍ ശക്തനാവുകയായിരുന്നു.
തിരികെ എത്തിയ കന്നയ്യ കുമാര്‍ മുഴക്കിയ ആസാദി മുദ്രാവാക്യം രാജ്യം ഫാസിസത്തിനെതിരായ ശബ്ദമായി ഉയരുന്നതാണ് പിന്നീട് കണ്ടത്. പിന്നീട് ഇടത് വേദികളില്‍ ക്രൗഡ് പുള്ളറായി മാറുന്ന യുവ നേതാവായി കന്നയ്യ മാറുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കുമ്പോള്‍ പോലും രാഹുല്‍ ഗാന്ധിക്ക് സാധിക്കാതിരുന്ന ജന സ്വാധീനമായിരുന്നു ബീഹാര്‍ സ്വദേശിയായ ആ കുറിയ ചെറുപ്പക്കാരന് സ്വന്തമാക്കിയത്. യുവാക്കളില്‍ കന്നയ്യക്കുള്ള സ്വാധീനം ഉപയോഗിക്കാനായിരിക്കും കോണ്‍ഗ്രസ് ഇനി ശ്രമിക്കുക.
ഗുജറാത്തിലെ പട്ടിക ജാതി വിഭാഗത്തെ കൂടെ നിര്‍ത്താനാണ് ജിഗ്നേഷ് മെവാനിയെ കൂടെ നിര്‍ത്തുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. ഹര്‍ദിഖ് പട്ടേലിനെ പാര്‍ട്ടി അധ്യക്ഷനാക്കി തലമുറമാറ്റം നേരത്തെ തന്നെ ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരുന്നു. ഇതിനൊപ്പം നിലവില്‍ എംഎല്‍എയും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് നേതാവുമായി മെവാനി കൂടിയെത്തുമ്പോള്‍ കൂടുതല്‍ ശക്തരാവാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. അഭിഭാഷകന്, മാധ്യമ പ്രവര്ത്തകന് എന്നീ നിലകളില്‍ ശ്രദ്ധേയനുമാണ് ജിഗ്നേഷ്. കരുത്തനായ അമരീന്ദര്‍ സിംഗിനെ മാറ്റി പഞ്ചാബില്‍ ചരണ്‍ജിത്ത് സിംഗ് ചന്നിയെന്ന് ദളിത് സിഖ് നേതാവിനെ അധികാരത്തില്‍ എത്തിച്ചപ്പോഴും കോണ്‍ഗ്രസ് ലക്ഷ്യമിട്ടത് ഇതേ അടിസ്ഥാന വര്‍ഗ്ഗ സമീപനമാണ്.
രാജസ്ഥാനാലെ രാജ കുടുംബാംഗമായിരുന്ന ജോതിരാതിത്യ സിന്ധ്യ ഇനി കോണ്‍ഗ്രസില്‍ തുടരാനാവില്ലെന്ന് വ്യക്തമാക്കി ബിജെപിയിലേക്ക് ചേക്കേറുമ്പോഴാണ് പാരമ്പര്യം മാത്രമല്ല ജന സ്വാധീനം കൂടി കണക്കിലെടുത്ത് യുവ നേതാക്കളെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗിനെ നിയമിക്കാനുള്ള തീരുമാനം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നല്കുന്ന വലിയ മികച്ച സന്ദേശമാണെന്ന് നേരത്തെ ജിഗ്നേഷ് മെവാനി പ്രതികരിച്ചിരുന്നു. ദളിതരിലുള്പ്പെടെ വലിയ സ്വാധീനം ചെലുത്താന്‍ ഉതകുന്നതാണ് തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്ക ഗാന്ധി വാദ്ര തന്നെ രംഗത്ത് ഇറങ്ങുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സൂചനകള്‍. ഇതോടൊപ്പം പ്രശസ്ത രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുതിര്‍ന്ന് നേതാക്കളില്‍ ഒരു വിഭാഗം വിമത സ്വരം ഉയര്‍ത്തുമ്പോഴാണ് രാഷ്ട്രീയ തന്ത്രങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.