Top

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതന് മര്‍ദനം; ആള്‍ക്കൂട്ട ആക്രമണം നടന്നത് പൊലീസ് സ്റ്റേഷന് അകത്ത്

6 Sep 2021 3:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതന് മര്‍ദനം; ആള്‍ക്കൂട്ട ആക്രമണം നടന്നത് പൊലീസ് സ്റ്റേഷന് അകത്ത്
X

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതന് നേരെ പൊലീസ് സ്റ്റേഷനില്‍ ആള്‍ക്കൂട്ട ആക്രമണം. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലായിരുന്നു സംഭവം. ഭട്ടഗാവ് പ്രദേശത്ത് പുരോഹിതന്റെ നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന പരാതിക്ക് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം.

പരാതി ലഭിച്ചതിന് പിന്നാലെ പുരോഹിതനെ റായ്പൂരില പുരാനി ബസ്തി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയും പിന്നാലെ ആള്‍ക്കൂട്ടം രൂപം കൊള്ളുകയും സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു. വലതുപക്ഷ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പുരോഹിതനെതിരെ പ്രതിഷേധവുമായി സ്‌റ്റേഷനിലെത്തിയിരുന്നു. ഇതിന് പിന്നാലെ പുരോഹിതനെ അനുഗമിച്ച് സ്‌റ്റേഷനിലെത്തിയവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തിലെത്തുകയുമായിരുന്നു. പിന്നാലെയായിരുന്നു മര്‍ദനം. തര്‍ക്കം രൂക്ഷമായതോടെ പുരോഹിതനെ സ്‌റ്റേഷനിലെ മറ്റൊരു മുറിയിലേക്ക് മാറ്റിയെങ്കിലും അക്രമികള്‍ അവിടെയെത്തി പുരോഹിതനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ചെരിപ്പും ഷൂവും ഉപയോഗിച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിട്ടുണ്ട്.

പൊലീസ് സ്‌റ്റേഷനിലെ അക്രമസംഭവങ്ങളുടെ പേരില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തു. സംഘര്‍ഷത്തില്‍ പുരോഹിതന് മര്‍ദനമേറ്റെങ്കിലും പൊലീസ് സ്‌റ്റേഷനില്‍ മറ്റു നാശനഷ്ടങ്ങളുമില്ല. എന്നാല്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മതപരിവര്‍ത്തനം സംബന്ധിച്ച പരാതി ലഭിച്ചിരുന്നെന്നും ഇതില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും വിഷയത്തില്‍ പ്രതികരിച്ച അഡീഷനല്‍ സൂപ്രണ്ട് തരകേശ്വര്‍ പട്ടേല്‍ പറഞ്ഞു.

Next Story