Top

ജഡ്ജിമാരുടെ നിയമനം റിപ്പോര്‍ട്ട് ചെയ്തതില്‍ മാധ്യമങ്ങള്‍ക്ക് എന്‍വി രമണയുടെ രൂക്ഷവിമര്‍ശനം; 'തീര്‍ത്തും അസ്വസ്ഥപ്പെടുത്തുന്ന പ്രവൃത്തി'

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് തന്നെ മാധ്യമങ്ങള്‍ ജഡ്ജിമാരുടെ നിയമനം റിപ്പോര്‍ട്ട് ചെയ്തത് ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തിയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.

18 Aug 2021 11:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജഡ്ജിമാരുടെ നിയമനം റിപ്പോര്‍ട്ട് ചെയ്തതില്‍ മാധ്യമങ്ങള്‍ക്ക് എന്‍വി രമണയുടെ രൂക്ഷവിമര്‍ശനം; തീര്‍ത്തും അസ്വസ്ഥപ്പെടുത്തുന്ന പ്രവൃത്തി
X

സുപ്രീംകോടതി കൊളീജിയത്തിന്റെ ജഡ്ജിമാരുടെ നിയമന ശുപാര്‍ശയില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അസ്വസ്ഥപ്പെടുത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് തന്നെ മാധ്യമങ്ങള്‍ ജഡ്ജിമാരുടെ നിയമനം റിപ്പോര്‍ട്ട് ചെയ്തത് ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തിയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.

ജഡ്ജിമാരുടെ നിയമനം പവിത്രമായ നടപടിയാണ്. അതില്‍ ചില അന്തസ്സ് ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഈ നടപടിയുടെ പവിത്രത മാധ്യമ സുഹൃത്തുക്കള്‍ മനസ്സിലാക്കുകയും പരിഗണിക്കുകയും ചെയ്യണമെന്നും എന്‍വി രമണ ഓര്‍മ്മിപ്പിച്ചു. ഇത്തരം ഉത്തരവാദിത്വമില്ലാത്തതും അഭ്യൂഹങ്ങള്‍ നിറഞ്ഞതുമായ റിപ്പോര്‍ട്ടിങ്ങ് ഈ മേഖലയില്‍ പലരുടേയും നല്ലഭാവി കൂടി വികലമാക്കുന്നതാണെന്ന് രമണ സൂചിപ്പിച്ചു. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഗൗരവമായ വിഷയത്തില്‍ പല മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും കൈക്കൊണ്ട പക്വതയുള്ള നിലപാടിനെ അഭിനന്ദിക്കുന്നതായും ചീഫ് ജസ്റ്റിസ് എന്‍വി രമണ വ്യക്തമാക്കി.

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൂടിക്കാഴ്ച്ചകളും തീരുമാനങ്ങളും ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂവെന്നും എന്‍വി രമണ ചൂണ്ടിക്കാണിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയ്ക്കായി സുപ്രീംകോടതി കൊളീജിയം നല്കിയ ജഡ്ജിമാരുടെ പട്ടിക ഇന്ന് പുറത്തുവന്നിരുന്നു. വനിതാ ജഡ്ജിമാരടക്കമുള്ള പട്ടികയിലെ പേരുകളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

.

Next Story