Top

രാഹുല്‍ ഗാന്ധിയെത്തും, മുതിര്‍ന്ന നേതാക്കളുണ്ടാവില്ല; പഞ്ചാബില്‍ ചരണ്‍ജിത് സിങിന്റെ സത്യപ്രതിജ്ഞ 11 ന്

ചരണ്‍ജിത് സിങ് ചന്നി സര്‍ക്കാറില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

20 Sep 2021 4:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുല്‍ ഗാന്ധിയെത്തും, മുതിര്‍ന്ന നേതാക്കളുണ്ടാവില്ല; പഞ്ചാബില്‍ ചരണ്‍ജിത് സിങിന്റെ സത്യപ്രതിജ്ഞ 11 ന്
X

പഞ്ചാബിലെ പുതിയ ചരണ്‍ജിത് സിങ് ചന്നി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തേക്കില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചടങ്ങില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ചടങ്ങിലുണ്ടാവില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രാവിലെ 11 മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, ആള്‍ക്കുട്ടം ഒഴിവാക്കി നടക്കുന്ന ചടങ്ങില്‍ നാല്‍പതുപേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. അതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ വിട്ടു നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് ചരണ്‍ജിത് സിംഗ് ചന്നിയുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍. പഞ്ചാബിന്റെ പതിനാറാമത്തെ മുഖ്യമന്ത്രിയും, ഈ പദവിയിലെത്തുന്ന ആദ്യത്തെ ദളിത് നേതാവുമാണ് ചന്നി. അമരീന്ദര്‍ സിംഗ് സര്‍ക്കാറില്‍ അമരിന്ദര്‍ സിങ് മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുമുണ്ടായിരുന്ന മന്ത്രിയുമായിരുന്നു അദ്ദേഹം.

പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിപിസിസി) തലവന്‍ നവജ്യോത് സിംഗ് സിദ്ദുവുമായുള്ള കടുത്ത ഭിന്നതയ്ക്ക് പിന്നാലെ ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടവന്നത്. തുടര്‍ന്ന് നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സമവായമെന്നോണം ചന്നി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത്. ചരണ്‍ജിത്തിന് അഭിനന്ദനങ്ങളറിയിച്ച മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ്, പഞ്ചാബിനെ സുരക്ഷിതമായി നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

അതേസമയം, അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പഞ്ചാബിലെ ജനസംഖ്യയുടെ 33 ശതമാനത്തോളം പേര്‍ ദലിതരെന്നതു കൂടി കണക്കിലെടുത്താണ് ചന്നിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് എന്നാണ് വിലയിരുത്തല്‍.

അതേസമയം, പഞ്ചാബില്‍ ചരണ്‍ജിത് സിങ് ചന്നി സര്‍ക്കാറില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ജാട്ട് സിഖ് വിഭാഗത്തില്‍ നിന്നും മറ്റൊരാള്‍ ഹിന്ദു വിഭാഗത്തില്‍ നിന്നും ഉപമുഖ്യമന്ത്രിമാരാകുമെന്നാണ് വിവരം. ജാട്ട് സിഖ് വിഭാഗത്തില്‍ നിന്ന് സുഖ് ജീന്ദര്‍ സിങ് രണ്‍ദാവയെയാണ് (ദേരാ ബാബാ നായക് എം.എല്‍.എ) പരിഗണിക്കുന്നത്. ഹിന്ദു വിഭാഗത്തില്‍ നിന്നും ബ്രഹാം സിങ് മൊഹീന്ദ്ര (പാട്യാല റൂറല്‍), വിജയ് ഇന്ദര്‍ സിങ് ല (സാംഗ് രൂര്‍), ഭാരത് ഭൂഷണ്‍ അഷു (മുന്‍ ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ വകുപ്പ് മന്ത്രി) എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. സുഖ് ജീന്ദര്‍ സിങ് രണ്‍ദാവക്കും ബ്രഹാം സിങ് മൊഹീന്ദ്രക്കും ആണ് കൂടുതല്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍.

Popular Stories

    Next Story