Top

'പണ്ടേ പറഞ്ഞതാണ് സ്ഥിരതയില്ലെന്ന്'; സിദ്ദുവിന്റെ രാജിയില്‍ അമരീന്ദര്‍

അതേസമയം അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സിംഗിന്റെ ഓഫീസ് രംഗത്തെത്തി.

28 Sep 2021 11:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പണ്ടേ പറഞ്ഞതാണ് സ്ഥിരതയില്ലെന്ന്; സിദ്ദുവിന്റെ രാജിയില്‍ അമരീന്ദര്‍
X

നവ് ജ്യോത് സിംഗ് സിദ്ദുവിന്റെ രാജിയില്‍ പ്രതികരണവുമായി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. സിദ്ദു സ്ഥിരതയില്ലാത്തയാള്‍ ആണെന്നും അത് താന്‍ നേരത്തെ പറഞ്ഞിരുന്നുവെന്നും ക്യാപ്റ്റന്‍ പരിഹസിച്ചു. ഏതാനും മിനിറ്റുകല്‍ക്ക് മുമ്പാണ് പിസിസി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നുവെന്നും എന്നാല്‍ കോണ്‍ഗ്രസില്‍ തുടരുമെന്നും സിദ്ദു വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി അമരീന്ദര്‍ സിംഗ് രംഗത്തെത്തിയത്.

'ഞാന്‍ നേരത്തെ പറഞ്ഞിരുന്നു.. അയാള്‍ ഒരു സ്ഥിരതയുള്ള വ്യക്തിയല്ല, പഞ്ചാബിന് യോജിച്ചയാളല്ല അദ്ദേഹം', അമരീന്ദര്‍ ട്വിറ്ററില്‍ കുറിച്ചു.


പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടാണ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്. പഞ്ചാബ് കോണ്‍ഗ്രസിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിപ്പിച്ച്, വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് വീണ്ടും അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗിന്റെ രാജിക്ക് ശേഷം പുതിയ മന്ത്രിസഭ രൂപീകരിച്ചതിന് പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്. അതേസമയം കോണ്‍ഗ്രസില്‍ തുടരുമെന്നും സിദ്ദു വ്യക്തമാക്കിയിരുന്നു.

ഇതിനിടെ അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സിംഗിന്റെ ഓഫീസ് രംഗത്തെത്തി. ''ഡല്‍ഹിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര തികച്ചും വ്യക്തിപരമാണ്. ഈ സമയത്ത് അദ്ദേഹത്തിന്റെ ഡല്‍ഹിയിലേക്കുള്ള യാത്ര ഒരുപാട് ആളുകള്‍ നിരീക്ഷിക്കുന്നുണ്ട്. അടുത്ത സുഹൃത്തുക്കളെ കാണുക, കപൂര്‍ത്തല വീട് ഒഴിയുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഡല്‍ഹിയില്‍ പോകുന്നത്.'' ബാക്കിയെല്ലാം അനാവശ്യമായ ഊഹാപോഹങ്ങളാണെന്നും അതെല്ലാം ആവശ്യമില്ലാത്തതാണെന്നും അമരീന്ദര്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാല്‍ എഎന്‍ഐയോട് പറഞ്ഞു.

Next Story