ബംഗാളില്‍ ബിജെപി എംപിയുടെ വസതിക്ക് നേരെ ബോംബേറ്; ക്രമസമാധാന നിലയില്‍ ആശങ്കപ്രകടിപ്പിച്ച് ഗവര്‍ണര്‍
തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി
8 Sep 2021 6:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബംഗാളില്‍ ബിജെപി എംപിയുടെ വസതിക്ക് നേരെ ബോംബേറ്. ബുധനാഴ്ച 6.30 ഓടെയാണ് ബിജെപി എംപി അര്ജുന് സിങിന്റെ കൊല്‍ക്കത്തക്കടുത്ത് ജഗതാദലിലുള്ള വസതിയിക്ക് നേരെ ബോംബാക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നുപേരാണ് ബോംബെറിഞ്ഞത്. മൂന്നു ബോംബുകളാണ് അര്ജുന് സിങിന്റെ വസതിയിലേക്ക് എറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ആക്രമണം നടക്കുമ്പോള്‍ അര്ജുന് സിങ് എംപി ഡല്‍ഹിയിലായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അര്ജുന് സിങ് കൊല്‍ക്കത്തയിലേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധനേക്കര് സംഭവത്തില്‍ ശക്തമായി പ്രതികരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. ബംഗാളില്‍ അനിയന്ത്രിതമായ ആക്രമണമാണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധനേക്കര് ചൂണ്ടിക്കാണിച്ചു. പാര്‍ലമെന്റ് അംഗമായ അര്ജുന് സിങിന്റെ വസതിയ്ക്ക് നേരെ ബോംബാക്രമണം നടന്നത് സംസ്ഥാനത്തെ ക്രമസമാധാന നില എത്രത്തോളം ആശങ്കാജനകമാണെന്ന് കാണിച്ചുതരുന്നതായി ഗവര്‍ണര്‍ സൂചിപ്പിച്ചു. ആക്രമണത്തില്‍ പൊലീസ് ഉടന്‍ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ വ്യക്തമാക്കി.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി എംപി ദിലീപ് ഘോഷ് ആരോപിച്ചു. എന്നാല്‍ ബിജെപിയിലെ ആഭ്യന്തര കലഹമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചത്. 2019ലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് അര്ജുന് സിങ് ബിജെപിയില്‍ എത്തിച്ചേരുന്നത്. പിന്നീട് ബാരക്ക്പോര്‍ ലോക്സഭാമണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിക്കുകയും ചെയ്തു.
- TAGS:
- Bomb Blast
- BJP
- Arjun Singh
- Kolkata