Top

'കൊലപാതകത്തിലൂടെ നിശബ്ദരാക്കാന്‍ കഴിയില്ല' കര്‍ഷകര്‍ക്ക്; പിന്തുണയുമായി വരുണ്‍ഗാന്ധി

7 Oct 2021 7:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊലപാതകത്തിലൂടെ നിശബ്ദരാക്കാന്‍ കഴിയില്ല കര്‍ഷകര്‍ക്ക്; പിന്തുണയുമായി വരുണ്‍ഗാന്ധി
X

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭത്തിനിടയിലേക്ക് കാര്‍ മനപൂര്‍വ്വം കയറ്റിയതാണെന്ന് വ്യക്തമെന്ന് വരുണ്‍ഗാന്ധി എംപി. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര മന്ത്രിയെയും മകനെയും സംരക്ഷിക്കുന്ന നിലപാട് ബിജെപി കേന്ദ്രങ്ങള്‍ തുടരുന്നതിനിടെയാണ് വിരുദ്ധ നിലപാടുമായി പിലിഭിത്തില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ വരുണ്‍ ഗാന്ധി രംഗത്തെത്തുന്നത്. കര്‍ഷകരെ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ ഉള്‍പ്പെടെ പങ്കുവച്ച് ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭത്തിനിടയിലേക്ക് കാര്‍ മനപൂര്‍വ്വം കയറ്റിയതാണെന്ന് ഈ വീഡിയോയില്‍ വളരെ വ്യക്തമാണ്. പ്രക്ഷോഭകരെ കൊലപാതകത്തിലൂടെ നിങ്ങള്‍ക്ക് നിശബ്ദരാക്കാന്‍ കഴിയില്ല. നിരപരാധികളായ കര്‍ഷകരുടെ രക്തം ചൊരിഞ്ഞതില്‍ നിങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. ക്രൂരതയുടെ സന്ദേശം ഓരോ കര്‍ഷകരുടെയും ഉള്ളിലേക്ക് എത്തുന്നതിന് മുമ്പ് നീതി നടപ്പാക്കണം' എന്നും വരുണ്‍ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചു. ലഖിംപൂരില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം ഉളളുലയ്ക്കുന്നതാണെന്ന് പറഞ്ഞ് വരുണ്‍ ഗാന്ധി നേരത്തെയും രംഗത്തെത്തിയിരുന്നു.



അതേസമയം ലഖിംപൂരില്‍ കര്‍ഷകരുടെ നേരെ വാഹനമിടിച്ച് കയറ്റിയ സംഭവത്തില്‍ നടന്നതെന്തെന്ന് സംബന്ധിച്ച് കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കൂടുതല്‍ ദൈര്‍ഘ്യവും വ്യക്തതയുമുള്ള ദൃശ്യങ്ങളാണ് പുതിയതായി പുറത്ത് വന്നിരിക്കുന്നത്. കര്‍ഷകരുടെ ഭാഗത്ത് നിന്നും പ്രകോപനമൊന്നുമില്ലാതെ പിന്നിലൂടെ വാഹനമിടിച്ച് കയറ്റിയതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നതാണ് പുതിയ വീഡിയോ.

ഞായറാഴ്ച വൈകീട്ടാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്റെ വാഹനവ്യൂഹം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. വാഹനമോടിച്ചത് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അദ്ദേഹത്തിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Next Story