ബ്രഹ്മപുത്ര നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; യാത്രക്കാരെ കാണാതായി
അപകടത്തില്‍പ്പെട്ട ബോട്ടുകളിലൊന്ന് ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടായിരുന്നു
8 Sep 2021 2:51 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഗുവാഹതി: അസമിലെ ബ്രഹ്മപുത്രയില്‍ രണ്ട് യാത്രാ ബോട്ടുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാരെ കാണാതായി. ബ്രഹ്മപുത്രയിലെ ദ്വീപായ മജൂലിയിലെ കമലാബാരിക്കും ജോര്‍ഹത്തിലെ നിമാത്തി ഘട്ടിനും ഇടയില്‍ നാലുമണിയോടെയായിരുന്നു സംഭവം. രണ്ട് ബോട്ടുകളിലുമായി 120ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം.
അപകടത്തില്‍പ്പെട്ട ബോട്ടുകളിലൊന്ന് ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആര്‍എഫ്) ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനകം നൂറോളം യാത്രക്കാരെ രക്ഷിച്ചതായി ജോര്‍ഹത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍ അറിയിച്ചു.
ഒരു ബോട്ടില്‍ ബൈക്കുകകളും കാറുകളും അടക്കം വാഹനങ്ങളുമുണ്ടായിരുന്നതാണ് വിവരം. അതേസമയം, ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം ബ്രഹ്മപുത്രയും നദിയുടെ കൈവഴികളും നിറഞ്ഞൊഴുകുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ വെല്ലുവിളിയാകുന്നുണ്ട്.
- TAGS:
- Brahmaputra
- boat accident