Top

ആര്യന് ജാമ്യമില്ല, 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

കേസില്‍ പ്രത്യേക എന്‍ഡിപിഎസ് കോടതിയിലാകും ഇനി വാദം നടക്കുക.

7 Oct 2021 3:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്യന് ജാമ്യമില്ല, 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
X

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടന്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം ആറ് പേരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആര്യനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ആവശ്യം കോടതി തള്ളിയ കോടതി ചോദ്യം ചെയ്യാന്‍ എന്‍സിബിക്ക് ആവശ്യത്തിന് സമയം ലഭിച്ചെന്നും ചൂണ്ടിക്കാട്ടി. കേസില്‍ പ്രത്യേക എന്‍ഡിപിഎസ് കോടതിയിലാകും ഇനി വാദം നടക്കുക.

അതേസമയം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ നാളെ രാവിലെ 11 മണിക്കാണ് കോടതി വാദം കേള്‍ക്കുക. ജയിലില്‍ പുതിയ തടവുകാരെ പ്രവേശിപ്പിക്കാനാകാത്ത സാഹചര്യത്തില്‍ പ്രതികള്‍ വെള്ളിയാഴ്ച രാവിലെ വരെ എന്‍സിബി ഓഫിസിലായിരിക്കും ഉണ്ടാവുക.

രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് കേസായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് നാല് അഫ്ഗാന്‍ പൗരന്‍മാര്‍ അടക്കം എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഡിആര്‍ഐയ്ക്കും ഇഡിയ്ക്കും പിന്നാലെയാണ് എന്‍ഐഎയും ലഹരി കടത്ത് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്.

ആര്യന്‍ ഖാനെ കൂടാതെ, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച, നൂപുര്‍ സാരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാള്‍, വിക്രാന്ത് ചോക്കര്‍, ഗോമിത് ചോപ്ര എന്നിവരെയാണ് ശനിയാഴ്ച നടന്ന റെയ്ഡിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. ഈമാസം രണ്ടിനാണ് ആഡംബര കപ്പലില്‍ നടന്ന റെയ്ഡില്‍ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം എട്ടു പേര്‍ കസ്റ്റഡിയിലാകുന്നത്. മൂന്നാം തിയതി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആര്യന്‍, അറസ്റ്റിലായ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുമായി ബന്ധമുള്ള മലയാളി ശ്രേയസ് നായരെയും എന്‍സിബി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story