രാജ്യത്ത് 58 ശതമാനം പേര്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചു; വാക്‌സിനേഷന്‍ ഡ്രൈവ് വിവരങ്ങള്‍
കഴിഞ്ഞ നാലുമാസത്തെ വാക്‌സിനേഷന്‍ ഡ്രൈവ് രേഖകളാണ് മന്ത്രാലയം പുറത്തുവിട്ടത്.
10 Sep 2021 10:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യത്തെ പതിനെട്ട് ശതമാനം പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായി കേന്ദ്രആരോഗ്യമന്ത്രാലയം. അന്‍പത്തെട്ട് ശതമാനം പേര്‍ കൊവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചതായും കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നാലുമാസത്തെ ദേശീയ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് രേഖകളാണ് മന്ത്രാലയം പുറത്തുവിട്ടത്. അതേസമയം കൊവിഡ് വാക്‌സിനേഷന്‍ എടുക്കുന്നതിലൂടെ ഗുരുതര കൊവിഡ് ബാധയും മരണവും നൂറുശതമാനത്തിനോടടുത്ത് കുറയുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.
ഏപ്രില്‍ 18 മുതല്‍ ആഗസ്ത് 15 വരെയുള്ള കാലയളവില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച് പുറത്തുവന്ന കണക്കുകളാണ് ഗുരുതര കൊവിഡില്‍ നിന്നും മരണത്തില്‍ നിന്നും ആദ്യഡോസ്വാക്‌സിന്‍ തൊണ്ണൂറ്റിയാറുശതമാനം പ്രതിരോധം നല്കുന്നതായാണ് കണ്ടെത്തിയത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ തൊണ്ണൂറ്റിയേഴ് ശതമാനവും കൊവിഡ് മരണത്തെയും ഗുരുതരരോഗബാധയേയും ഫലപ്രദമായി പ്രതിരോധിക്കുന്നതായും ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. തൊണ്ണൂറ്റിയഞ്ച് ശതമാനം പേര്‍ക്കും വാക്‌സിന്‍ എടുത്ത ശേഷം ഇത്തരം പ്രതിരോധം പ്രാപ്തമാകുന്നതായി ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാണിക്കുന്നു.
എല്ലാപ്രായത്തിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ ഗുരുതരകൊവിഡില്‍ നിന്നും മരണത്തില്‍ നിന്നും ഒരു പരിധിവരെ പ്രതിരോധം തീര്‍ക്കാന്‍ പര്യാപ്തമാണ്. വാക്‌സിന് ശേഷവും രോഗം പിടിപ്പെട്ടവരുടെ കണക്കുകള്‍ ഐസിഎംആര്‍ ശേഖരിച്ചുവരുന്നതായും ഭാര്‍ഗവ വ്യക്തമാക്കി. എന്നാല്‍ വാക്‌സിനുകള്‍ രോഗങ്ങളെ വലിയൊരളവില്‍ പ്രതിരോധിക്കുന്നവയാണ് അല്ലാതെ രോഗത്തെ പൂര്‍ണ്ണമായി പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്നും ഭാര്‍ഗവ സൂചിപ്പിച്ചു. അതുകൊണ്ട് തന്നെ മാസ്‌ക്കുകളും കൊവിഡ് നിയമങ്ങളും പാലിക്കാന്‍ വാക്‌സിന്‍ സ്വീകരിച്ചാലും എല്ലാവരും നിര്‍ബന്ധിതരാവണമെന്നും ഭാര്‍ഗവ മുന്നറിയിപ്പ് നല്കി.