മോന്സണ് മാവുങ്കലുമൊത്തുള്ള ചിത്രം; വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിന്
എംഎൽഎ ഹോസ്റ്റലിനു പുറത്തു റോഡിൽ വച്ചാണ് ചിത്രം എടുത്തത്.
30 Sep 2021 10:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോൻസൻ മാവുങ്കലുമൊത്തുള്ള ചിത്രത്തില്‍ വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ. മോൺസണുമായി മുൻ പരിചയമോ സൗഹൃദമോ ഇല്ല. ഗ്ലോബൽ മലയാളി അസോസിയേഷൻ ഭാരവാഹികൾക്കൊപ്പമാണ് മോൻസൻ തന്നെ കാണാനെത്തിയത്. എംഎൽഎ ഹോസ്റ്റലിന് പുറത്തുള്ള റോഡിൽ വച്ചാണ് ഇവർക്കൊപ്പം ചിത്രമെടുത്തതെന്നും അതിനു ശേഷം മോൻസനെ നേരിൽ കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മോൻസനെ എറണാകുളം എസിജെഎം കോടതിയിൽ ഹാജരാകി. അൽപസമയത്തിനകം കോടതി കേസ് പരിഗണിക്കും. മോൻസൻ്റെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടു. കൂടുതൽ അന്വേഷണം ഇനിയും നടത്താൻ ഉണ്ടെന്നും തെളിവുകള്‍ ശേഖരിക്കാൻ ഉണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. തട്ടിപ്പിലൂടെ സമ്പാദിച്ച പണം അടക്കം കണ്ടെത്തേണ്ടതുണ്ടെന്നാണ് ക്രെെംബ്രാഞ്ചിന്റെ വാദം.
അതേസമയം, തന്റെ കൈവശം നയാപൈസ ഇല്ലെന്ന് ക്രെെംബ്രാഞ്ചിന് നല്കിയ മൊഴി മോന്സണ് കോടതിയിലും ആവർത്തിച്ചു.
പരാതിക്കാരില്‍ നിന്നും പത്ത് കോടി രൂപ വാങ്ങിയിട്ടില്ല. നാല് കോടി രൂപ തനിക്ക് ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു നേരത്തെ പ്രതി ക്രെെംബ്രാഞ്ചിന് മൊഴി നല്‍കിയത്. പണമെല്ലാം തന്റെ ആഢംബര ജീവിതത്തിന് വേണ്ടി ചെലവഴിച്ചതാണെന്നും മോന്സണ് പറഞ്ഞു. ഇതെല്ലാം തന്റെ ആഢംബര ജീവിതത്തിന് വേണ്ടിയാണ് ചെലവഴിച്ചത്. വീടിന്റെ മാസവാടക ഇനത്തില്‍ അമ്പതിനായിരം രൂപയാണ് നല്‍കുന്നത്. ശരാശരി കറണ്ട് ബില്ല് 30000 രൂപയാണ്. സെക്യൂരിറ്റി ജീവനക്കാരന് ഉള്‍പ്പെടെ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് മാസത്തില്‍ വേണ്ടതെന്നും മോന്സന് വിശദീകരിച്ചു.
തട്ടിപ്പുപണംകൊണ്ട് കാറുകള്‍ വാങ്ങിക്കൂട്ടിയെന്നും പ്രതി മൊഴി നല്കി. പണം തന്നവര്‍ക്ക് പ്രതിഫലമായി കാറുകള്‍ നല്കി. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോര്‍ഷെ, ബി എം ഡബ്യൂ കാറുകള്‍ നല്‍കിയെന്നാണ് മൊഴി. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്നും മോന്സന് ക്രൈംബ്രാഞ്ചിന് മൊഴി നല്കി.