Top

യുഎഇ തീരത്ത് കപ്പല്‍ തട്ടിയെടുക്കപ്പെട്ടെന്ന് സൂചന; പിന്നില്‍ ഇറാനെന്ന് സംശയം

കഴിഞ്ഞ ദിവസം ഒമാന്‍ തീരത്ത് വെച്ച് ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള എണ്ണ കപ്പല്‍ ആക്രമിക്കപ്പെടുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.

4 Aug 2021 5:16 AM GMT
അഭിനന്ദ് ബി.സി

യുഎഇ തീരത്ത് കപ്പല്‍ തട്ടിയെടുക്കപ്പെട്ടെന്ന് സൂചന; പിന്നില്‍ ഇറാനെന്ന് സംശയം
X

ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇ തീരത്ത് കപ്പല്‍ തട്ടിയെടുക്കപ്പെട്ടതായി സൂചന നല്‍കി യുകെ നാവിക സേനയുടെ സുരക്ഷ ഏജന്‍സി. യുഎഇയിലെ ഫുജൈറ തീരത്ത് വെച്ചാണ് സംഭവമുണ്ടായത്.ചൊവ്വാഴ്ച തന്നെ ഏജന്‍സി അപകട സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട കപ്പല്‍ പനാമ ഫഌഗ് ചെയ്ത അസ്ഫാല്‍റ്റ് ടാങ്കറാണെന്ന് ഏജന്‍സി തിരിച്ചറിഞ്ഞിട്ടുണ്ട്. യുഎഇ ആസ്ഥാനമായുള്ള ഗ്ലോറി ഇന്റര്‍നാഷണലാണ് ഈ കപ്പലിന്റെ ഉടമ. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

സംഭവത്തിനു പിന്നില്‍ ഇറാനാണെന്നാണ് പ്രാഥമിക സൂചന. എന്നാല്‍ ആരോപണത്തെ ഇറാന്‍ നിഷേധിച്ചു. കപ്പല്‍ തട്ടിയെടുക്കപ്പെട്ട സംഭവം സംശയാസ്പദമാണെന്നും ഇറാന് ഇതിലൊരു പങ്കുമില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം രാജ്യത്തെ ദേശീയ മാധ്യമത്തിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഒമാന്‍ തീരത്ത് വെച്ച് ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള എണ്ണ കപ്പല്‍ ആക്രമിക്കപ്പെടുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. ഒരു ബ്രിട്ടീഷ് പൗരനും ഒരു റൊമേനിയന്‍ പൗരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഇറാനും ഇസ്രായേലും തമ്മില്‍ മേഖലയില്‍ നിരന്തരമായ സംഘട്ടനങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ഇത്തവണ രണ്ട് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ നിലവിലെ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ വിവാദമാവുകയാണ്. സംഭവത്തില്‍ ഇറാനെതിരെ വിമര്‍ശനവുമായി അമേരിക്കയും യുകെയും രംഗത്തെത്തിയിട്ടുണ്ട്. ഇറാന്‍ വലിയ തെറ്റാണ് ചെയ്തതെന്നും പ്രത്യാക്രമണം വരുന്നുണ്ടെന്നുമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പ്രതികരിച്ചത്. ആണവകരാര്‍ സംബന്ധിച്ച് ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.

Popular Stories

    Next Story