Top

കേരളത്തില്‍ വീണ്ടും കോടികളുടെ ക്രിപ്‌റ്റോ തട്ടിപ്പ്; പെരുമ്പാവൂര്‍ സ്വദേശിയില്‍ നിന്ന് അടിച്ചെടുത്തത് 25 ലക്ഷം

പ്രാഥമിക അന്വേഷണത്തില്‍ മൂവാറ്റുപുഴ മുടവൂര്‍ സ്വദേശി കെ കെ വിനോദിനെതിരെ കേസെടുത്തു.

8 July 2022 6:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തില്‍ വീണ്ടും കോടികളുടെ ക്രിപ്‌റ്റോ തട്ടിപ്പ്; പെരുമ്പാവൂര്‍ സ്വദേശിയില്‍ നിന്ന് അടിച്ചെടുത്തത് 25 ലക്ഷം
X

കൊച്ചി: കേരളത്തില്‍ വീണ്ടും കോടികളുടെ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ്. നിക്ഷേപത്തില്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ ആളുകളില്‍ നിന്ന് തട്ടിച്ച പ്രതികളുടെ വിശദാംശങ്ങള്‍ പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും കണ്ടെത്തി.

കൊച്ചി ആസ്ഥാനമായുള്ള 'റിച്ച്‌ഫെറിമാന്‍' 'ഡീല്‍എഫ്എക്‌സ്' എന്നീ കമ്പനികളുടെ അക്കൗണ്ടുകളിലൂടെയാണ് പ്രതികള്‍ ശേഖരിച്ച തുക വഴിതിരിച്ചുവിട്ടത്. 25 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട നിക്ഷേപകന്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതിയുമായി എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. പ്രാഥമിക അന്വേഷണത്തില്‍ മൂവാറ്റുപുഴ മുടവൂര്‍ സ്വദേശി കെ കെ വിനോദിനെതിരെ കേസെടുത്തു.

നിക്ഷേപകരെ ആകര്‍ഷിക്കാനും വന്‍ വരുമാനത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താനും പ്രതികളും കൂട്ടാളികളും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. പലരും ഈ യോഗങ്ങളില്‍ പങ്കെടുത്ത് ലക്ഷങ്ങള്‍ നിക്ഷേപിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പ്രതികള്‍ പലരേയും കബളിപ്പിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പ്രതികള്‍ പിരിച്ചെടുത്ത മൊത്തം തുകയുടെ വിവരം പരിശോധിച്ച് വരികയാണെന്നും ഇത് ഏകദേശം 50 കോടിയോളം രൂപ വരുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതികള്‍ക്ക് പലരും സ്വര്‍ണാഭരണങ്ങള്‍ നല്‍കിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'വിദേശത്ത് എഞ്ചിനീയറായി ജോലി ചെയ്യുന്ന ഒരു പൊതുസുഹൃത്ത് വഴിയാണ് വിനോദിനെ ഞാന്‍ കണ്ടുമുട്ടിയത്. അയാളുടെ കമ്പനി ക്രിപ്‌റ്റോകറന്‍സികളില്‍ വ്യാപാരം നടത്തുന്നുണ്ടെന്നും അവരുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ അപകടസാധ്യത കുറവായിരിക്കുമെന്നും വിശ്വസിപ്പിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ തുക തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. എന്നാല്‍ ഒന്നും ലഭിച്ചില്ല.' 25 ലക്ഷം രൂപ നഷ്ടപ്പെട്ട ഇരയായ സെന്തില്‍കുമാര്‍ പറഞ്ഞു.

പ്രതികള്‍ 2021 സെപ്റ്റംബറില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്തതിനാല്‍ 'റിച്ച്‌ഫെറിമാന്‍' എന്ന കമ്പനിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണെന്നും നിലവില്‍ കെ കെ വിനോദും, റെജി വിനോദുമാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന് കാണിച്ച് വിനോദ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും സെഷന്‍സ് കോടതി തള്ളുകയായിരുന്നു.


Story highlights: major crypto scam in kerala,investors duped of around rs 50 crore

Next Story