Top

''ബാബ അറ്റോമിക് റിസർച്ച് സെന്റർ കുഴിച്ചെടുക്കുന്ന പട്ടികയിൽ വരില്ലെന്ന് പ്രതീക്ഷിക്കുന്നു''; ​ഗ്യാൻവാപി വിഷയത്തിൽ പരിഹസിച്ച് മഹുവ മൊയ്ത്ര എംപി

ബാബ അറ്റോമിക് റിസർച്ച് സെന്റർ അധികം വെെകാതെ ഭക്തർ കൂറ്റൻ ശിവലിം​ഗമായി പ്രഖ്യാപിക്കുമെന്ന് തൃണമൂലിന്റെ തന്നെ രാജ്യസഭാ എംപി ജവഹർ സർക്കാറും മുമ്പ് ട്വീറ്റ് ചെയ്തിരുന്നു

19 May 2022 6:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാബ അറ്റോമിക് റിസർച്ച് സെന്റർ കുഴിച്ചെടുക്കുന്ന പട്ടികയിൽ വരില്ലെന്ന് പ്രതീക്ഷിക്കുന്നു; ​ഗ്യാൻവാപി വിഷയത്തിൽ പരിഹസിച്ച് മഹുവ മൊയ്ത്ര എംപി
X

ന്യൂഡൽഹി: വാരണാസിയിലെ ​ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടക്കുന്ന തർക്കത്തിലേക്ക് ബാബ അറ്റോമിക് റിസർച്ച് സെന്റർ വലിച്ചിഴക്കപ്പെടില്ലെന്ന് വിശ്വസിക്കുന്നതായി തൃണമൂൽ ലോകസഭാ എംപി മഹുവ മൊയ്ത്ര. സാമൂഹ്യമാധ്യമമായ ട്വിറ്ററിൽ അറിയിച്ച പ്രതികരണം ഇതിനോടകം ഏറെ ചർച്ചയായി കഴിഞ്ഞു. ആണവനിലയത്തിന്റെ ചിത്രങ്ങൾ ഉൾപ്പടെ ബാബ അറ്റോമിക് റിസർച്ച് സെന്റർ കുഴിച്ചെടുക്കുന്ന പട്ടികയിൽ വരില്ലെന്ന് പ്രതീക്ഷിക്കുന്നു എന്ന കുറിപ്പോടെയാണ് മഹുവയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ബാബ അറ്റോമിക് റിസർച്ച് സെന്റർ അധികം വെെകാതെ ഭക്തർ കൂറ്റൻ ശിവലിം​ഗമായി പ്രഖ്യാപിക്കുമെന്ന് തൃണമൂലിന്റെ തന്നെ രാജ്യസഭാ എംപി ജവഹർ സർക്കാറും മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.


ട്വിറ്ററിൽ സജീവമായ മഹുവ ബിജെപിയുടെ കടുത്ത വിമർശകരിൽ ഒരാളാണ്. ഇന്ത്യയുടെ സാമ്പത്തിക മേഖല തകർന്നിരിക്കുമ്പോൾ സർക്കാർ കുഴിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന ചിത്രം ബുധനാഴ്ച അവർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.




അതേസമയം ബാബ അറ്റോമിക് റിസർച്ച് സെന്ററും ശിവലിം​ഗവും തമ്മിൽ താരതമ്യം ചെയ്തത് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഇവർക്കെതിരെ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്ന തരത്തിലുള്ള പ്രതികരണങ്ങളും സാമൂഹ്യമാധ്യമ ഉപയോക്താക്കൾ രേഖപ്പെടുത്തുന്നുണ്ട്. ബാബ അറ്റോമിക് റിസർച്ച് സെന്റർ മാത്രമല്ല എല്ലാ ആണവനിലയങ്ങളും ശിവലിം​ഗം പോലെയാണെന്നും വൻതോതിലുള്ള ഊർജ്ജം ഉൾക്കൊള്ളാൻ കഴിയുന്നതുകൊണ്ടാണ് ഇതെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.



അതേസമയം വാരണാസി കോടതി ഉത്തരവിട്ട ഗ്യാൻവാപി പള്ളിയുടെ സർവേ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ജസ്റ്റിസുമായ ഡിവൈ ചന്ദ്രചൂഡ്, പിഎസ് നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും. ചൊവ്വാഴ്ച വിഷയത്തിൽ വാദം കേട്ട കോടതി സർവേയിൽ 'ശിവലിംഗം' കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സീൽ ചെയ്യാൻ പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. സുരക്ഷയുടെ പേരില്‍ മുസ്‌ലിംകളുടെ ആരാധന സ്വാതന്ത്ര്യം തടസ്സപ്പെടരുതെന്നും കോടതി പറഞ്ഞിരുന്നു. കേസില്‍ കക്ഷി ചേരാന്‍ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയും ഹര്‍ജി നല്‍കിയിട്ടുണ്ട്.

Story Highlight: ''Hope Bhabha Atomic Research Centre is not next on the digging list''; Mahua Moitra on Twitter in Gyanvapi Masjid issue

Next Story