Top

'തന്നെ വെട്ടിയ' പുതിയ ബ്രാഞ്ച് സെക്രട്ടറിക്ക് അഭിവാദ്യവുമായി ഷംസുദ്ദീന്‍

സമ്മേളനത്തില്‍ തന്നെ ഷംസുദ്ദീനെ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു എന്നാണ് സിപിഐഎം അട്ടപ്പാടി ഏരിയാ സെക്രട്ടറി സിപി ബാബു പ്രതികരിച്ചത്

22 Sep 2021 3:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തന്നെ വെട്ടിയ പുതിയ ബ്രാഞ്ച് സെക്രട്ടറിക്ക് അഭിവാദ്യവുമായി ഷംസുദ്ദീന്‍
X

വിവാദങ്ങള്‍ക്കൊടുവില്‍ തനിക്ക് പകരം മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി സിപിഐഎം ഏരിയ കമ്മിറ്റി ചുമതലപ്പെടുത്തിയ ഹരീഷിന് ആശംസയുമായി ഷംസുദ്ദീന്‍. മധു വധക്കേസുമായി ബന്ധപ്പെട്ട വിമർശനങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റിക്കൊണ്ടുള്ള സിപിഐഎം ഏരിയ കമ്മിറ്റിയുടെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയായിരുന്നു പോസ്റ്റ്.

ലോക്കൽ കമ്മറ്റിയായിരുന്നു മധു വധക്കേസിലെ മൂന്നാം പ്രതിയായ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. എന്നാൽ വിമർശനം ശക്തമായതോടെ ഷംസുദ്ദീനെ മാറ്റി ഹരീഷിനെ ഉത്തരവാദിത്വം ഏൽപ്പിക്കാൻ ഏരിയാ സെക്രട്ടറി നിർദേശിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഷംസുദ്ദീനെതിരെയും സിപിഐഎമ്മിനെതിരെയും വിമർശനമുയർന്നതിന് ശേഷമായിരുന്നു നടപടി.

സമ്മളേനത്തിൽ പങ്കെടുത്ത ഏരിയാ കമ്മറ്റി പ്രതിനിധിയുടെ എതിർപ്പിനെ മറികടന്നാണ് ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതെന്നും ഇത് അറിഞ്ഞ ഉടൻ ഇടപെടലുണ്ടായെന്നുമാണ് ഏരിയ കമ്മിറ്റിയുടെ വിശദീകരണം. സമ്മേളനത്തിൽ തന്നെ നടപടിയുണ്ടായെന്നായിരുന്നു സിപിഐഎം അട്ടപ്പാടി ഏരിയാ സെക്രട്ടറി സിപി ബാബു റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്. മുക്കാലി ബ്ര‍ാഞ്ച് സമ്മേളനത്തിലുണ്ടായ നാടകീയ സംഭവങ്ങളെക്കുറിച്ച് കൃത്യമായ വിവരമില്ലെന്നും സിപി ബാബു പറഞ്ഞു.

2018 ഫെബ്രുവരി 22നായിരുന്നു കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച മധു കൊലപാതകം നടന്നത്. അട്ടപ്പാടി മുക്കാലി മേഖലയിലെ കടകളിൽനിന്ന് ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന പേരിലാണ് ആൾക്കൂട്ടം മധുവിനെ കെട്ടിയിട്ട് മർദിച്ചത്. തുടർന്ന്, പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിക്ക് മധു മരിക്കുകയായിരുന്നു.17 വയസുമുതൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു മധു. കേസിൽ ശക്തമായ അന്വേഷണം നടത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് വിമർശനങ്ങൾക്കിടയായിരുന്നു പുതിയ വിവാദം.

Popular Stories

    Next Story