കല്ലാംകുഴി ഇരട്ടകൊലക്കേസ്; 25 പേർക്ക് ജീവപര്യന്തം വിധിച്ച് അഡീഷനൽ ജില്ലാ കോടതി
സുന്നീ പ്രവർത്തകരായ സഹോദരങ്ങൾ കൊല്ലപ്പെട്ട കേസിൽ കോടതി വിധി ഒമ്പത് വർഷങ്ങൾക്ക് ശേഷം
16 May 2022 8:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: മണ്ണാർക്കാട് കല്ലാംകുഴിയിൽ സഹോദരങ്ങൾ കൊല്ലപ്പെട്ട കേസിൽ 25 പ്രതികൾക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പാലക്കാട് അഡീഷനൽ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിൽ മുസ്ലിം ലീഗ് നേതാവായ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഉൾപ്പെടെ 25 പ്രതികൾ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. എന്നാൽ കേസിലെ നാലാം പ്രതി ഹംസപ്പ വിചാരണയ്ക്കിടെ മരിച്ചിരുന്നു. പാലക്കാട് ജില്ലാ അതിവേഗ കോടതി ജഡ്ജി ടി.എച്ച് രജിതയാണ് ശിക്ഷ വിധിച്ചത്.
കാന്തപുരം സുന്നീ പ്രവർത്തകരായ കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത് വീട്ടില്‍ പരേതനായ മുഹമ്മദ് ഹാജിയുടെ മക്കളായ കുഞ്ഞുഹംസ (45), നൂറുദ്ദീന്‍ (40) എന്നിവരെ 2013 നവംബർ 20ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മുസ്ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ ചേലോട്ടിൽ സിഎം സിദ്ദിഖായിരുന്നു കേസിലെ ഒന്നാം പ്രതി. പ്രതികളിലെല്ലാവരും മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എസ്.ടി.യു പ്രവര്‍ത്തകരും ഭാരവാഹികളുമാണ്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഒരാൾക്കു കൊലപാതകം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല. ഈ പ്രതിയുടെ കേസ് പാലക്കാട് ജുവനൈല്‍ കോടതിയിൽ നടന്നുവരികയാണ്.പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ ബുധനാഴ്ച തന്നെ കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ശിക്ഷാ വിധി വെള്ളിയാഴ്ചയിലേക്ക് മാറ്റി. വെള്ളിയാഴ്ച ശിക്ഷാവിധി സംബന്ധിച്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടതിൽ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിധിപ്രസ്താവം ഇന്നേക്ക് മാറ്റുകയായിരുന്നു.
കാന്തപുരം വിഭാഗം എസ്.വൈ.എസ് കല്ലാംകുഴി യൂനിറ്റ് സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട നൂറുദ്ദീന്‍. കല്ലാംകുഴി സുന്നി ജുമുഅ മസ്ജിദില്‍ തണല്‍ എന്ന സംഘടന അനധികൃത പിരിവ് നടത്തുന്നതിനെതിരെ വഖ്ഫ് ബോര്‍ഡില്‍ നിന്ന് കുഞ്ഞുഹംസ വിധി സമ്പാദിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമായിരുന്നു കൊലയില്‍ കലാശിച്ചത്. കേസില്‍ ആകെ 27 പ്രതികളാണ് ഉണ്ടായിരുന്നത്. 90 ലധികം സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. സാക്ഷികളില്‍ ആരും കൂറുമാറിയിരുന്നില്ല എന്നത് കേസില്‍ പ്രോസിക്യൂഷന് സഹായകമായി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ടി.സി. കൃഷ്ണൻ നാരായണനാണ് ഹാജരായത്.
ആക്രമണത്തില്‍ മറ്റൊരു സഹോദരന് കുഞ്ഞുമുഹമ്മദിനും അന്ന് പരുക്കേറ്റിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാക്ഷികളെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഹൈക്കോടതി അഞ്ച് പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തിരുന്നു. കേസിന്റെ വിചാരണ നീണ്ടുപോയതിനാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയായിരുന്നു വിചാരണാ നടപടികള്‍ വേഗതയിലായത്.
കൊലപാതകം നടന്നു 7 വർഷത്തിനു ശേഷമാണു വിചാരണ ആരംഭിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിൽ പ്രധാന പ്രചാരണവിഷയമായിരുന്നു സഹോദരങ്ങളുടെ ഇരട്ടക്കൊലപാതകം.
കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയവർ
പാലക്കാപറമ്പിൽ അബ്ദുൽ ജലീൽ, തൃക്കളൂർ കല്ലാങ്കുഴി പലയക്കോടൻ സലാഹുദ്ദീൻ, മങ്ങാട്ടുതൊടി ഷമീർ, അക്കിയപാടം കത്തിച്ചാലിൽ സുലൈമാൻ, മാങ്ങോട്ടുത്തൊടി അമീർ, തെക്കുംപുറയൻ ഹംസ, ചീനത്ത് ഫാസിൽ, തെക്കുംപുറയൻ ഫാസിൽ, എം.റാഷിദ് (ബാപ്പൂട്ടി), ഇസ്മായിൽ (ഇപ്പായി), ഷിഹാബ്, മുസ്തഫ, നാസർ, ഹംസ (ഇക്കാപ്പ), സലിം, നൗഷാദ് (പാണ്ടി നൗഷാദ്), സെയ്താലി, താജുദ്ദീൻ, ഷഹീർ, അംജാദ്, മുഹമ്മദ് മുബഷീർ, മുഹമ്മദ് മുഹസിൻ, നിജാസ്, ഷമീം, സുലൈമാൻ.
Story Highlights: Kallamkuzhi twin murder case; Life time imprisonment for 25 Defendants