Top

ളാഹ ഗോപാലന്‍, ചെങ്ങറയുടെ വിപ്ലവ നേതാവ്

കേരളത്തിലെ ദളിത് സമൂഹത്തിനും വലിയ സംഭാവനകള്‍ നല്‍കിയ വിപ്ലവകാരിയായിരുന്നു ളാഹ ഗോപാലന്‍

22 Sep 2021 10:48 AM GMT
സീനത്ത് കെ.സി

ളാഹ ഗോപാലന്‍, ചെങ്ങറയുടെ വിപ്ലവ നേതാവ്
X

കേരളം കണ്ട ഏറ്റവും വലിയ ഭൂസമരത്തിന് തുടക്കം കുറിച്ച സമരനായകനായിരുന്നു ളാഹ ഗോപാലന്‍. 2001-ല്‍ തുടക്കം കുറിച്ച ചെങ്ങറ ഭൂസമരത്തിലൂടെ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിരോധത്തിലാക്കിയതില്‍ വലിയൊരു പങ്ക് അദ്ദേഹത്തിനായിരുന്നു.

1950-ല്‍ ആലപ്പുഴ ജില്ലയിലെ തഴക്കരിയിലായിരുന്നു ളാഹ ഗോപാലന്റെ ജനനം. എട്ടാം വയസില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം ദുരിത പൂര്‍ണ്ണമായിരുന്നു. ആലപ്പുഴ സ്വദേശിയാണെങ്കിലും പത്തനംതിട്ടയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഭൂമി. ളാഹ കേന്ദ്രമാക്കിയുള്ള സമരപരിപാടികളുടെ ഭാഗമായ അദ്ദേഹം പിന്നീട് അവിടം തന്നെ തന്റെ പ്രവര്‍ത്തന കേന്ദ്രമാക്കി. കെഎസ്ഇബി ജീവനക്കാരനായി വിരമിച്ചതിന് ശേഷമായിരുന്നു ചെങ്ങറയിലെ സമര ഭൂമിയിലേക്ക് ളാഹ ഗോപാലനെത്തിയത്.


ആദിവാസി കുടുംബങ്ങളെ ഭൂമി കയ്യേറി പാര്‍പ്പിച്ചുകൊണ്ട് വലിയ പോരാട്ടത്തിന് തുടക്കമിട്ട ളാഹ ഗോപാലന്‍ സാധു ജന വിമോചന സംയുക്ത വേദിയുടെ നേതാവുകൂടിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു സാധുജന വിമോചന സംയുക്തവേദി ചെങ്ങറ ഭൂമസമരത്തിനിറങ്ങിയത്. അക്കാലത്ത് കേരളത്തില്‍ വലിയ വേരോട്ടമുണ്ടാക്കാന്‍ സാധു ജന വിമോചന സംയുക്ത വേദിക്ക് കഴിഞ്ഞിരുന്നു.

ഭൂരഹിതരായ ഒരു ജനത കാലങ്ങളായി ഭൂമിക്ക് വേണ്ടി നടത്തിയിരുന്ന അവകാശ സമരപോരാട്ടങ്ങള്‍ക്ക് ആവേശകരമായ മാനം നല്‍കിയ സമരമായിരുന്നു ചെങ്ങറയിലേത്. 2007 ഓഗസ്റ്റ് 4-ന് ആരംഭിച്ച സമരം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു.


ഹാരിസണ്‍സ് മലയാളം ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ചെങ്ങറ സമരത്തിന്റെ തുടക്കം. ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനില്‍ 143 ഹെക്ടറോളം ഭൂമിയില്‍ സമരക്കാര്‍ കയ്യേറി കുടില്‍ കെട്ടി. ഇതിന്റെ പേരില്‍ പല ഘട്ടത്തിലും സര്‍ക്കാരുമായി സന്ധിയില്ലാ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടതോടെ കുടിയേറ്റക്കാര്‍ വലിയ തോതിലുള്ള ഭരണകൂട ആക്രമങ്ങള്‍ക്കും ഉപരോധത്തിനും ഇരയായി.

തുടര്‍ന്ന് പത്ത് വര്‍ഷത്തോളം നീണ്ടുനിന്ന കുടില്‍ക്കെട്ടി സമരം നയിച്ചുകൊണ്ട് കേരളത്തിലെ ദളിത് സമൂഹത്തെ ഒരു കുടക്കീഴില്‍ ഒരുമിച്ചു നിര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. കേരളത്തില്‍ പിന്നീട് ഉയര്‍ന്നുവന്ന പട്ടയ ഭൂസമരങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ച സമരമായിരുന്നു ചെങ്ങറ സമരം.


എന്നാല്‍ സമരസമിതിയിലെ വിഭാഗീയതകളെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുമ്പ് ചെങ്ങറയില്‍ നിന്ന് ളാഹ ഗോപാലന്‍ പടിയിറങ്ങി. ഇനി സമരഭൂമിയിലേക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സമരഭൂമിയിലില്‍ നിന്നുള്ള പടിയിറക്കത്തിന് ശേഷം പത്തനംതിട്ടയിലുളള അംബേദ്കര്‍ സെന്ററില്‍ വിശ്രമ ജീവിതത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. ശാരീരിക അവശതകളെ തുടര്‍ന്ന് പൊതുരംഗത്തു നിന്ന് അദ്ദേഹം പൂര്‍ണ്ണമായി വിട്ടുനിന്നു.

കേരളത്തിലെ ദളിത് സമൂഹത്തിനും വലിയ സംഭാവനകള്‍ നല്‍കിയ വിപ്ലവകാരിയായിരുന്നു ളാഹ ഗോപാലന്‍. സമര പോരാട്ടങ്ങളുടെ പേരില്‍ ഒരുപാടുകാലം ജയില്‍ ജീവിതം അനുഭവിച്ചിട്ടുണ്ട്. ചെങ്ങറയില്‍ നിന്ന് ആറളത്തേക്കും അരിപ്പയിലേക്കും പടര്‍ന്ന ളാഹ ഗോപാലന്റെ സമരപോരാട്ടങ്ങളുടെ ഊര്‍ജം എക്കാലത്തും സ്മരിക്കപ്പെടും. ജയ് ഭീം എന്നെഴുതിയ അംബാസിഡർ കാറിൽ അനുയായികൾക്കൊപ്പം സമരമുഖത്തേക്ക് എത്തുന്ന ളാഹ നടന്നുപോയ ചരിത്രം കേരളത്തിലെ സമരഭൂപടത്തിൽ നിന്ന് മായ്ക്കാനാവാത്തതാണ്.

Next Story