Top

'കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ച അതേ കൈ ഉപയോഗിച്ച് എതിരാളികൾക്ക് രാഷ്ട്രീയ വധശിക്ഷ നടപ്പിലാക്കി വാഴാമെന്ന് കരുതേണ്ട'; ലീ​ഗിന് ജലീലിന്റെ മുന്നറിയിപ്പ്

നേരിട്ടുള്ള ഏറ്റുമുട്ടലിൽ തോൽപ്പിക്കാൻ കഴിയാതെ വരുമ്പോൾ ചതിയൻമാർ കുറുക്കുവഴികൾ തേടുക സ്വാഭാവികം. അവിടെ പകച്ച് നിൽക്കുകയല്ല, കുതിച്ച് മുന്നേറലാണ് പോരാളികളുടെ ധർമ്മം.

2 Oct 2021 2:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ച അതേ കൈ ഉപയോഗിച്ച് എതിരാളികൾക്ക് രാഷ്ട്രീയ വധശിക്ഷ നടപ്പിലാക്കി വാഴാമെന്ന് കരുതേണ്ട; ലീ​ഗിന് ജലീലിന്റെ മുന്നറിയിപ്പ്
X

മുസ്ലിം ലീ​ഗിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെടി ജലീൽ. ഐസ്ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ച അതേ കൈ ഉപയോഗിച്ച് ലീഗിൻ്റെ എതിരാളികൾക്ക് ''രാഷ്ട്രീയ വധശിക്ഷ'' നടപ്പിലാക്കി സസുഖം വാഴാമെന്ന് സ്വപ്നത്തിൽ പോലും ആരും കരുതേണ്ടെന്ന് കെടി ജലീൽ പറഞ്ഞു. ലീഗിലെ കള്ളപ്പണ അഴിമതി മാഫിയാ സംഘത്തിൻ്റെ അധോലോക രാഷ്ട്രീയത്തിനെതിരെ ഞങ്ങൾ നിർഭയം നിരന്തരം ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നേരിട്ടുള്ള ഏറ്റുമുട്ടലിൽ തോൽപ്പിക്കാൻ കഴിയാതെ വരുമ്പോൾ ചതിയൻമാർ കുറുക്കുവഴികൾ തേടുക സ്വാഭാവികം. അവിടെ പകച്ച് നിൽക്കുകയല്ല, കുതിച്ച് മുന്നേറലാണ് പോരാളികളുടെ ധർമ്മം. ജലീൽ പറയുന്നു. 2015ൽ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പ്രസ്താവിച്ച നിലവിലെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിലേക്കാണ് ജലീൽ അടുത്തിടെ നൽകിയ പ്രസ്താവനകൾ വിരൽ ചൂണ്ടുന്നതെന്നാണ് സൂചന.

''നാല് ദുരൂഹ മരണങ്ങളിലേക്ക് നയിച്ച പ്രമാദമായ ഐസ്‌ക്രീം പാർലർ കേസിൽ നിന്ന് 15.11.2004 ന് നടന്ന മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ നിയമനം. ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ലല്ലോ? സത്യം ഒരുനാൾ ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും. ക്ഷമയോടെ നമുക്ക് കാത്തിരിക്കാം''.- നേരത്തെ ജലീൽ പറഞ്ഞ വാക്കുകൾ.

2005ൽ ഐസ്‌ക്രീം പാർലർ കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ട മൂന്ന് പെറ്റിഷൻ തള്ളിക്കൊണ്ട് കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയ രണ്ടംഗ ബെഞ്ചിലൊരാൾ സിറിയക് ജോസഫ് എന്ന സുപ്രിംകോടതി അഭിഭാഷകനായിരുന്നു. ഇതിന് കൃത്യം എഴുപത്തി രണ്ട് ദിവസം മുൻപാണ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി ജസ്റ്റിസ് സിറിയക് ജോസഫിന്റെ സഹോദരൻ ജെയിംസ് ജോസഫിന്റെ ഭാര്യ ഡോ. ജാൻസി ജെയിംസ് നിയമിക്കപ്പെടുന്നത്. അന്ന് യുഡിഎഫ് മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് മുസ്ലിംലീഗായിരുന്നു. ഇ ടി മുഹമ്മദ് ബഷീറായിരുന്നു വിദ്യാഭ്യാസമന്ത്രി.

ജലീൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിൽ പരാമർശിച്ച 15.11.2004 മുതലാണ് ജാൻസി ജെയിംസിന്റെ ഔദ്യോഗിക ചുമതല ആരംഭിക്കുന്നത്. അതായത് ഡോ. ജാൻസി ജെയിംസിന്റെ നിയമന തിയതി ഉറപ്പിച്ച് എഴുപത്തി രണ്ടാം ദിവസമാണ് കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി സിറിയക് ജോസഫ് അടങ്ങുന്ന ഹൈക്കോടതി ബെഞ്ച് വിധി പ്രസ്താവിച്ചത്.

2018ൽ കെ ടി ജലീൽ ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിയമവിരുദ്ധമായി നിയമിച്ചുവെന്ന് ആരോപണമുന്നയിച്ചത് പികെ കുഞ്ഞാലിക്കുട്ടിയുടെ പിൻഗാമിയായി നിരീക്ഷിക്കപ്പെടുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസാണ്. ഈ ആരോപണത്തിലാണ് ജലീലിനെതിരായ ബന്ധുനിയമന വിവാദം ആരംഭിക്കുന്നത്. ഹൈക്കോടതിയിലും വിജിലൻസിനും പി കെ ഫിറോസിന്റെ പരാതി എത്തിയതിന് പിന്നാലെ ലോകായുക്തയിലും ജലീലിനെതിരെ പരാതി എത്തി. യൂത്ത് ലീഗ് മലപ്പുറം ജില്ലാ ഭാരവാഹി വി കെ മുഹമ്മദ് ഷാഫിയായിരുന്നു പരാതിക്കാരൻ.

ഇതിനിടെ 2019 ഫെബ്രുവരിയിലാണ് സിറിയക് ജോസഫിനെ ലോകായുക്തയിൽ നിയമിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നത്. പിന്നാലെ 2019 ഫെബ്രുവരി 9 ന് അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കാൻ പൊതുഭരണ സെക്രട്ടറിക്ക് ലോകായുക്ത നോട്ടീസ് നൽകി.

ഒടുവിൽ 2021 ഏപ്രിൽ 9ന് ജലീൽ കുറ്റക്കാരനാണെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നും ലോകായുക്ത റിപ്പോർട്ട് നൽകി. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നായിരുന്നു ലോകായുക്ത ഉത്തരവിലെ നിർദേശം. ജസ്റ്റീസ് സിറിയക് ജോസഫ്, ജസ്റ്റീസ് ഹാറൂൺ അൽ റഷീദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു വിധി.

വർഷങ്ങൾ പഴക്കമുള്ള കേസുകൾ വരെ ലോകായുക്തയിൽ കെട്ടിക്കിടക്കുമ്പോൾ ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനവുമായി ബന്ധപ്പെട്ട കേസിൽ അതിവേഗ നടപടിയുണ്ടായതിന് പിന്നിൽ ലോകായുക്തയിൽ സിറിയക് ജോസഫ് വഴി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ ഇടപെടലുകളാണെന്നാണ് ജലീലുമായി അടുത്തുനിൽക്കുന്ന ഇടത് വൃത്തങ്ങളിൽ നിന്നുള്ള ആരോപണം. വാദം കേട്ട ലോകായുക്ത പക്ഷം പോലും കേൾക്കാതെയാണ് ജലീലിനെതിരെ അതിവേഗ നടപടിക്ക് ഏക പക്ഷീയമായ വിധി പുറപ്പെടുവിച്ചതെന്നും ഇതോടൊപ്പം അവർ ചൂണ്ടിക്കാട്ടുന്നു.

Next Story

Popular Stories