സുധീരന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ്, മോന്സണ് മാവുങ്കല്‍ കേസ് സിബിഐക്ക് വിടണം; 'കള്ളന്റെ കയ്യില്‍ താക്കോല്‍ കൊടുക്കരുത്'
പ്രത്യേക അന്വേഷണസംഘത്തെ കൊണ്ട് അന്വേഷിക്കും എന്ന് പറയുന്നത് കള്ളന്റെ കയ്യിൽ താക്കോൽ കൊടുക്കുന്നതിന് സമാനമാണ്.
4 Oct 2021 9:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ആവശ്യപ്പെട്ട് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസും ആവശ്യവുമായി മുന്നോട്ടുവരുന്നത്.
അധോലോക ഇടപാടുകൾക്ക് സമാനമായ തട്ടിപ്പുകൾ നടത്തിയ മോൻസൺ മാവുങ്കൽ കേരള പൊലീസിന്റെ സംരക്ഷണത്തിലായിരുന്നു എന്നത് അതീവ ഗൗരവതരമാണെ്. പ്രത്യേക അന്വേഷണസംഘത്തെ കൊണ്ട് അന്വേഷിക്കും എന്ന് പറയുന്നത് കള്ളന്റെ കയ്യിൽ താക്കോൽ കൊടുക്കുന്നതിന് സമാനമാണ്. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ഉള്ള മോൻസണ് ഈ അന്വേഷണം അട്ടിമറിക്കാൻ സാധിക്കും എന്നത് കേരള സമൂഹത്തിന് മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ മോന്‍സണുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ ആവശ്യപ്പെട്ടു.
ഡിജിപി തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഉന്നതരുള്‍പ്പടെ പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നിയമത്തിനു നിരക്കാത്ത ബന്ധങ്ങള്‍ മോന്സണ് നിര്‍ബാധം തുടര്‍ന്നിട്ടും അതൊന്നും സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയാതെ പോയത് ഗുരുതരമായ വീഴ്ചയാണെന്നാണ് മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ വി എം സുധീരന് ആരോപിക്കുന്നത്.
സമൂഹത്തില്‍ പലതലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോന്സണ് തികച്ചും അസാധാരണനായ കുറ്റവാളിയാണ്. സംസ്ഥാന പോലീസിലെ തലപ്പത്തുള്ളവരുള്‍പ്പടെ ഉന്നത ഓഫീസര്‍മാരുമായി വഴിവിട്ട ഇടപാടുകളാണ് മോന്‍സണുള്ളതെന്ന് വ്യക്തമാണെന്നും സുധീരന് കത്തില്‍ പറയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ചുമതലയുള്ള ആഭ്യന്തര വകുപ്പിന് വീഴ്ച്ച വന്നിട്ടുണ്ടെന്നും വിഎം സുധീരന് ചൂണ്ടികാട്ടി.