'വീണുകിടക്കുന്ന ലീഗിന്റെ മേലെ കേറിപ്പായാന്‍ എളുപ്പമാണ്'; ഹരിതയെ തള്ളി വനിത ലീഗ്
ഹരിത പ്രവര്‍ത്തകര്‍ക്കെതിരെ മുസ്ലിം ലീഗ് എടുത്ത നടപടി തെറ്റാണോയെന്ന ചോദ്യത്തിന്, ഒരുവാക്കില്‍ ഉത്തരം പറനാകില്ലെന്നായിരുന്നു നൂർബിന റഷീദിന്റെ മറുപടി.
18 Aug 2021 10:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്കെതിരെ സംഘടനയുടെ വനിതാ വിദ്യാർത്ഥിനി സംഘടനയായ ഹരിത ഉന്നയിച്ച ലൈംഗിക അധിക്ഷേപ പരാതി വനിതാ ലീഗിനെ അറിയിച്ചിട്ടില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. ഇതുസംബന്ധിച്ച് ഹരിത നേതാക്കളുടെ പരാതി ലഭിച്ചിട്ടില്ലെന്നും നൂര്‍ബിന റഷീദ് ആവർത്തിച്ചു.
വനിതാ ലീഗുമായി ചർച്ച ചെയ്യാതെ പരാതി നല്‍കിയതില്‍ വനിതാ ലീഗിന് അതൃപ്തിയുണ്ട്. കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മുതിർന്ന വനിത നേതാക്കളെ എങ്കിലും അറിയിക്കാമായിരുന്നെന്നും നൂർബിന റഷീദ് പറഞ്ഞു. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നല്‍കില്ലെന്നും നിലപാട് പാർട്ടി ഫോറങ്ങളില്‍ അറിയിക്കുമെന്നുമാണ് വനിത ലീഗ് വ്യക്തമാക്കുന്നത്.
അതേസമയം, പാര്‍ട്ടി തീരുമാനങ്ങള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും പരാതിയില്‍ ലീഗ് നടത്തിയ അന്വേഷണത്തെക്കുറിച്ചോ എടുത്ത തീരുമാനത്തെക്കുറിച്ചോ അറിയില്ലെന്നും നൂർബിന റഷീദ് കൂട്ടിച്ചേർത്തു.
ഹരിത പ്രവര്‍ത്തകര്‍ക്ക് എതിരെ മുസ്ലിം ലീഗ് എടുത്ത നടപടി തെറ്റാണോയെന്ന ചോദ്യത്തിന്, ഒരുവാക്കില്‍ ഉത്തരം പറനാകില്ലെന്നായിരുന്നു നൂർബിന റഷീദിന്റെ മറുപടി.
ഒരു സുപ്രഭാതത്തില്‍ ഒരുമാറ്റവും എവിടെയും നടത്താന്‍ സാധിക്കില്ല. ഓരോ പാര്‍ട്ടിക്കും അതിന്റേതായ നടപടിക്രമങ്ങളുണ്ടാകും. പാർട്ടി ഭരണഘടനക്ക് അനുസൃതമായാണ് പ്രവർത്തിക്കേണ്ടത്. എല്ലാവര്‍ക്കുമറിയാവുന്നതുപോയെ ലീഗിപ്പോള്‍ വീണുകിടക്കുകയാണ്, വീണുകിടക്കുമ്പോള്‍ മേലെ കേറിപ്പായാന്‍ എളുപ്പമാണ്. അതിനെ കൈപിടിച്ച് ഉയര്‍ത്തുകയാണ് വേണ്ടത്. അല്ലാതെ വിഭാഗിയത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്നും നൂര്‍ബിന കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒരു സ്ത്രീക്കെതിരെയും ലൈംഗിക അധിക്ഷേപം ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നും അധിക്ഷേപമുണ്ടായാല്‍ സ്ത്രീകള്‍ ഉടന്‍ പ്രതികരിക്കണമെന്നും നൂർബിന പറഞ്ഞു. പാര്‍ട്ടിയില്‍ പരാതി കൊടുക്കാന്‍ തന്നെ എന്തിനാണ് ഇത്രയും വൈകിയതെന്ന് ചോദിച്ചായിരുന്നു പ്രതികരണം.