Top

സുധീരനെ വേദനിപ്പിച്ചത് എന്ത്? കണ്ടെത്തി പരിഹാരം കാണണമെന്ന് ഉമ്മന്‍ചാണ്ടി

നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്തയാളാണ് സുധീരന്‍ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

26 Sep 2021 10:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുധീരനെ വേദനിപ്പിച്ചത് എന്ത്? കണ്ടെത്തി പരിഹാരം കാണണമെന്ന് ഉമ്മന്‍ചാണ്ടി
X

രാഷ്ട്രീയകാര്യ സമിതിയിലേക്ക് മുതിര്‍ന്ന നേതാവ് വി.എം സുധീരനെ തിരിച്ചുകൊണ്ടുവരണമെന്ന് ഉമ്മന്‍ ചാണ്ടി. സുധീരന്‍ മാറി നില്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹത്തെ വേദനിപ്പിച്ചതിന്റെ കാരണം കണ്ടെത്തി പരിഹാരം കാണണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു,

''വിഎം സുധീരനെ പോലെ ഒരു നേതാവ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ല. അദ്ദേഹം കമ്മിറ്റിയില്‍ തുടരേണ്ടതാണ്. എന്താണ് അദ്ദേഹത്തെ വേദനിപ്പിച്ച കാര്യമെന്ന് കണ്ടെത്തി, പരിഹാരമുണ്ടാക്കണം. സുധീരന്‍ രാജി പിന്‍വലിക്കേണ്ടതാണ്.'' -ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്തയാളാണ് സുധീരന്‍ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. 'ഏത് കാലത്താണ് സുധീരന്‍ സ്വന്തം നിലപാടില്‍ നിന്നും മാറിയിട്ടുള്ളത്. നേതൃത്വത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന എന്റെ ഭാഗത്തും വീഴ്ച്ചയുണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തോട് പറഞ്ഞു. എന്നോട് ക്ഷണിക്കണം എന്ന് പറയാന്‍ എനിക്ക് സ്വാതന്ത്ര്യം ഉള്ളയാളാണ് സുധീരന്‍. പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ നിലപാട് മാറ്റുകയെന്നത് എളുപ്പമല്ല. എന്നെ ഒരുപക്ഷെ ഇടപെടലിലൂടെ മാറ്റിയേക്കാം. ഞാന്‍ അദ്ദേഹത്തിന്റെ നിലപാട് മാറ്റാന്‍ പോയതല്ല. സംഘടനാ കാര്യങ്ങള്‍ സംസാരിച്ചു. എന്തുകൊണ്ടാണ് രാജിവെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.'- സുധീരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സതീശന്‍ ഇക്കാര്യം പറഞ്ഞത്.

രാജി ഏത് സാഹചര്യത്തിലായാലും പിന്‍വലിക്കാന്‍ വിഎം സുധീരനോട് ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരനും നേരത്തെ വ്യക്തമാക്കിയിരുന്നു. വിഎം സുധീരനെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ കേട്ട ശേഷം പരിഹരിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുധീരനെ നേരിട്ട് കാണാന്‍ ശ്രമിക്കുകയാണ്. ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിയേണ്ടതല്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സുധാകരന്‍ വിശദീകരിച്ചു.

ശനിയാഴ്ച്ച രാവിലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചതായി അറിയിച്ചുകൊണ്ട് കത്ത് സുധീരന്‍ കെപിസിസിക്ക് കൈമാറിയത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി എം സുധീരന് ഉണ്ടായിരുന്നത്. അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം പല തവണ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു രാജി.

Next Story

Popular Stories