'അസഭ്യം പറഞ്ഞാല്‍ ഫോളോവേഴ്സ് കൂടും'; പ്രശ്നം സമൂഹത്തിന്, ഞങ്ങള്‍ക്കല്ലെന്ന് വ്ളോഗര്‍ സായി കൃഷ്ണ
മോശംപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അത് കേള്‍ക്കാന്‍ ആള്
10 Aug 2021 3:18 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് സോഷ്യല്‍മീഡിയയില്‍ ഫോളോവേഴ്സ് കൂടുന്നുണ്ടെന്ന് വ്ളോഗര്‍ സായി കൃഷ്ണ. മോശംപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അത് കേള്‍ക്കാന്‍ ആള്‍ക്കാരുണ്ടെന്നും ഇത് സമൂഹത്തിന്റെ പ്രശ്നമായാണ് കാണേണ്ടതെന്നും സായി കൃഷ്ണ റിപ്പോര്‍ട്ടര്‍ ടിവി മൂന്നു മണി ചര്‍ച്ചയില്‍ പറഞ്ഞു. ഇ ബുള്‍ ജെറ്റ് വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച.
സായി കൃഷ്ണ പറഞ്ഞത്: ''പ്രശ്നം നിങ്ങള്‍ അറിയണം. മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് ഇവിടെ ഫോളോവേഴ്സ് വര്‍ധിക്കുന്ന സാഹചര്യമാണ്. നിങ്ങള്‍ സമൂഹത്തിലേക്കാണ് വിരല്‍ ചൂണ്ടേണ്ടത്. അല്ലാതെ ഞങ്ങള്‍ക്ക് നേരെയല്ല. ഞങ്ങള്‍ മോശംപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അത് കേള്‍ക്കാന്‍ ആള്‍ക്കാരുണ്ട്. ഇത് സമൂഹത്തിന്റെ പ്രശ്നമായാണ് കാണേണ്ടത്.''
അതേസമയം, ഇ ബുള്‍ജെറ്റ് വിഷയം കുറച്ച് മൃദുവായി മുഖ്യധാരാ സമൂഹത്തിന് കൈകാര്യം ചെയ്യാമായിരുന്നെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു. ആരാധകരുടെ പ്രതിഷേധം കുറച്ച് അതിരു കടന്നെന്നും എന്നാല്‍ കുട്ടികളെന്ന പരിഗണനയും പുതിയ അഭിപ്രായ പ്രകടന മേഖലയായി വളര്‍ന്നു വരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ബാലാരിഷ്ടതകളും കണക്കിലെടുത്ത് അവരെ അധിക്ഷേപിക്കരുതെന്നും രാഹുല്‍ പറഞ്ഞു.
''അവര്‍ കുറച്ച് ഓവറായിരുന്നു എന്നുള്ളത് സത്യമാണ്. പ്ലെയിന്‍ ടു ദി ഗാലറി ചെയ്തതാണെന്ന് വ്യക്തമാണ്. പക്ഷെ ആ ഫീല്ഡിനെത്തന്നെ അടിച്ചു താഴത്തേണ്ട കാര്യമില്ല. നമ്മള് കുറേക്കൂടി ഉത്തരവാദിത്വത്തോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കണം. സോഷ്യല്‍ മീഡിയ ആണ് ഭാവി. ഇന്ന് മുഖ്യധാരാ മാധ്യമങ്ങളുടെ അടക്കം ഭാവി. പല കാര്യങ്ങളും നമ്മള് അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. അത്തരത്തില്‍ നല്ലൊരു വശം ഇവര്‍ക്കുണ്ട്. പക്ഷെ നവമാധ്യമത്തിന്റേതായ ബാലാരിഷ്ടതകളുമുണ്ട്.'' നവമാധ്യമത്തെ അടിച്ചമര്‍ത്തി അധിക്ഷേപിച്ച് ഇല്ലാതാക്കുന്നതിന് പകരം ഇതിനെ നല്ല രീതിയില്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.