Top

'സുധാകരന്‍ ചികിത്സ തേടിയത് ശാസ്ത്രബോധത്തിന്റെ കുറവുകൊണ്ടാവാം'; മോന്‍സന്‍ നടത്തിയത് സൂപ്പര്‍ തട്ടിപ്പെന്ന് വിജയരാഘവന്‍

അന്വേഷണത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

29 Sep 2021 12:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുധാകരന്‍ ചികിത്സ തേടിയത് ശാസ്ത്രബോധത്തിന്റെ കുറവുകൊണ്ടാവാം; മോന്‍സന്‍ നടത്തിയത് സൂപ്പര്‍ തട്ടിപ്പെന്ന് വിജയരാഘവന്‍
X

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരായ പൊലീസ് അന്വേഷണം നടന്നുവരുകയാണെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മോന്‍സന്‍ നടത്തിയത് സൂപ്പര്‍ തട്ടിപ്പാണെന്നും അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ കെപിസിസി അധ്യക്ഷനുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നല്ല വാര്‍ത്തകളല്ലെന്നും അന്വേഷണത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കേസിന്റെ അന്വേഷണം നല്ലരീതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. തട്ടിപ്പിന്റെ ഭാഗമായി നിന്നവരെയെല്ലാം പുറത്തുകൊണ്ടു വരണം. നല്ല രീതിയിലാണ് അന്വേഷണം നടക്കുന്നത്. ശാസ്ത്രബോധത്തിന്റെ കുറവുകൊണ്ടാവാം സുധാകരന്‍ മോന്‍സന്റെ പക്കല്‍ ചികിത്സയ്ക്ക് പോയതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. കേസ് ഒതുക്കി തീര്‍ക്കാന്‍ ഉദ്ദ്യോഗസ്ഥ തലത്തില്‍ ഇടപെലുകള്‍ നടന്നെന്ന റിപ്പോര്‍ട്ടുകളോട് അന്വഷണം നടന്നുവരുകയാണെന്നും സത്യം പുറത്തുവരട്ടെയെന്നുമായിരുന്നു വിജയരാഘവന്റെ പ്രതികരണം.

അതേസമയം, മോന്‍സണുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് സുധാകരന്‍ ഇന്നും രംഗത്തെത്തി. മോന്‍സണുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ''അങ്ങനെ ഒരു അപവാദം മോന്‍സന്‍ നടത്തുന്നുണ്ടെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകും. മോന്‍സണിന്റെ വീട്ടില്‍ പോയിട്ടുണ്ട്. ചികിത്സാര്‍ത്ഥമാണ് അത്. വളരെ യാദൃശ്ചികമായാണ് മോന്‍സന്റെ അടുത്തെത്തിയത്. എറണാകുളത്തെ പ്രവര്‍ത്തകനാണ് എന്നെ അവിടെ എത്തിച്ചത്. ചികിത്സക്കായി അഞ്ച് തവണ പോയിട്ടുണ്ട്. എന്നാല്‍ ചികിത്സയില്‍ എനിക്ക് മാറ്റം ഇല്ലാതെ വന്നതോടെ ചികിത്സ നിര്‍ത്തി. പത്ത് ദിവസം അവിടെ കിടത്തി ചികിത്സ നടത്തിയെന്നതൊക്കെ വാസ്തവവിരുദ്ധമാണ്. അവിടുത്തെ ആഢംബരം കണ്ടപ്പോള്‍ അതില്‍ വീണു. ഒരു അഞ്ച് പൈസയുടെ പണമിടപാട് ഞാനുമായി നടത്തിയിട്ടില്ല. അതാണ് സത്യം. അല്ലാത്ത തരത്തില്‍ മോന്‍സന്‍ പറഞ്ഞെങ്കില്‍ നിയമനടപടിയുമായി പോകും. അയാളൊരു നല്ല കള്ളനാണെന്നത് വ്യക്തമാണ്. മോഹന്‍ലാലിനെ പോലെ പ്രസിദ്ധരായവര്‍ പോലും അവിടെ ചികിത്സക്കെത്തിയിട്ടുണ്ട്. എത്രയോ സിനിമാ നടന്മാര്‍ അവിടെയുണ്ട്. മുഖ്യമന്ത്രിയെ സ്വര്‍ണവിഗ്രഹം പോലെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥിരതാമസമാണവിടെ. ഞാന്‍ മാത്രം എന്തിന് ശങ്കിക്കണമായിരുന്നു. മോന്‍സന്റെ വീട് നഗരത്തിലാണ്. ഐപിഎസുകാരും പൊലീസുകാരും തമ്പടിക്കുന്ന സ്ഥലം. പിന്നെ എന്തിന് ജാഗ്രത പാലിക്കണം. പാതിരാത്രിക്കൊന്നും അവിടെ കയറി പോയിട്ടില്ല. ഏത് നേതാവാണോ പറഞ്ഞത് അയാള്‍ സ്വയം പരിശോധിക്കട്ടെ. ഇക്കാര്യത്തില്‍ എനിക്കൊരു ശങ്കയുമില്ല. സത്യം സത്യമായി പറയുന്നയാളാണ് ഞാന്‍.'' സുധാകരന്‍ വ്യക്തമാക്കി.

Next Story