Top

വേണു രാജാമണി ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി

നേരത്തെ മുന്‍ എംപി എ സമ്പത്തായിരുന്നു ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി

15 Sep 2021 3:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വേണു രാജാമണി ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി
X

തിരുവനന്തപുരം: നെതര്‍ലന്‍ഡ്സ് മുന്‍ അംബാസഡറും മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന വേണു രാജാമണിയെ ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി ഒരു വർഷത്തേക്കാണ് നിയമനം. 1986 ബാച്ച് റിട്ടയേര്‍ഡ് ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ് വേണു രാജാമണി.

നേരത്തെ കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, വേണു രാജാമണിയുടെ നിയമനത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. .

പല രാജ്യങ്ങളുമായും ബന്ധപ്പെട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതിന്റെ ഭാഗമായി പല രാഷ്ട്രങ്ങളുമായും അവിടുത്തെ ഭരണാധികാരികളുമായും അവിടുത്തെ അംബാസഡര്‍മാരുമായും ബന്ധം പുലര്‍ത്തേണ്ടിവരും. സാധാരണനിലയ്ക്കുള്ള ഓഫീസര്‍മാരുണ്ട്. എന്നാല്‍ വിദേശകാര്യ സര്‍വീസില്‍ ജോലി ചെയ്ത ഒരാളുടെ സേവനം കിട്ടുക എന്നത് സംസ്ഥാനത്തിന് ഗുണകരമായി വരും. അതിനാല്‍ വേണു രാജാമണിയെ അത്തരം കാര്യങ്ങള്‍ക്കു വേണ്ടി ഒരു വര്‍ഷ കാലയളവില്‍ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

നേരത്തെ മുന്‍ എംപി എ സമ്പത്താണ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി. അദ്ദേഹത്തിന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിലവില്‍ ചുമതല നല്‍കിയിരിക്കുന്നത്. ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്ത് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടതിനുശേഷമാണ് കാബിനറ്റ് റാങ്കോടെ ദില്ലി കേരള ഹൗസില്‍ നിയമിതനായത്.

Popular

    Next Story