നിപ; രോഗലക്ഷണങ്ങളുള്ള ഏഴ് പേരുടെ ഫലം കൂടി നെഗറ്റീവെന്ന് വീണാ ജോര്‍ജ്
പരിശോധനക്കയച്ച 68 പേരുടെയും ഫലം നെഗറ്റീവായി.
9 Sep 2021 1:15 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിപ രോഗ ലക്ഷണങ്ങളുണ്ടായിരുന്ന ഏഴ് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതോടെ പരിശോധനക്കയച്ച 68 പേരുടെയും ഫലം നെഗറ്റീവായി. 274 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ ഏഴ് പേര്‍ക്കാണ് രോഗ ലക്ഷണങ്ങളുള്ളതെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
സമ്പര്‍ക്ക പട്ടികയിലുള്ള 149 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. നിപ മരണം സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തില്‍ അസ്വാഭാവിക പനിയോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കിയ 15 പേരുടെ പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. 64 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപാ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്.
പരിശോധന ഫലം നെഗറ്റീവായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ വീട്ടിലേക്കു മാറാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ വീടുകളില്‍ എത്തിയാലും നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കി. രോഗ ലക്ഷണങ്ങളുള്ള 12 പേരുടെ പരിശോധന ഫലമുള്‍പ്പെടെയാണ് ഇന്ന് പുറത്ത് വന്നത്. അതിനിടെ, നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് താലൂക്കില്‍ നിര്‍ത്തിവച്ച കോവിഡ് വാക്സിനേഷന് നാളെ പുനരാരംഭിക്കും. എന്നാല്‍ നിപ കണ്ടെയ്ന്മെന്റ് സോണില്‍ വാക്സിനേഷന് ഉണ്ടാകില്ല.