യുഡിഎഫ് യോഗത്തിന് മുന്‍പ് ഘടകക്ഷികളെ മെരുക്കാന്‍ വിഡി സതീശന്; കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ച ഇന്ന്
മുന്നണിയോഗത്തിലുയരാന് സാധ്യതയുള്ള തർക്കങ്ങള്‍ ഒഴിവാക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം
6 Sep 2021 5:12 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുഡിഎഫ് യോഗത്തിന് മുന്‍പ് ഘടകക്ഷി നേതാക്കളുമായി കൂടിക്കാഴ്ചക്കൊരുങ്ങി പ്രതിപക്ഷനേതാവ് വിഡി സതീശന്. ഇന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി വിഡി സതീശന് കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് തര്‍ക്കങ്ങളില്‍ മുസ്ലിംലീഗിനുള്ള അതൃപ്തി പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷനേതാവിനെ അറിയിക്കും. മുന്നണി യോഗത്തില്‍ ഘടകകക്ഷികള്‍ തിരികൊളുത്താന്‍ സാധ്യതയുള്ള തർക്കങ്ങള്‍ ഒഴിവാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം പുതിയ നീക്കത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
നേരത്തെ ഡിസിസി പുനസംഘടനയോടെ ഇടഞ്ഞ മുതിര്‍ന്ന നേതാക്കളുമായുള്ള അനുനയ ചർച്ചകള്‍ക്കും പ്രതിപക്ഷ നേതാവ് വിഡി സതീശന് തന്നെയാണ് നേതൃത്വം നല്‍കിയത്. ഈ നീക്കത്തിന്റെ തുടര്‍ച്ചയാണ് ഘടകക്ഷികളുമായുള്ള കൂടിക്കാഴ്ച. കഴിഞ്ഞദിവസം പുതുപ്പള്ളിയിലെ വസതിയിലെത്തി ഉമ്മന്‍ചാണ്ടിയെയും ഹരിപ്പാട് എംഎല്‍എ ഓഫീസിലെത്തി രമേശ് ചെന്നിത്തലയെയും വി ഡി സതീശന് സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച രണ്ട് സന്ദര്‍ഭത്തിലും നേതാക്കള്‍ക്കുള്ള പരിഭവങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ടു പോകുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
അനുനയനീക്കങ്ങളോട് സഹകരിക്കുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷമുള്ള ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പ്രതികരണം.
'കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉണ്ട്. അടുത്ത കാലത്തുണ്ടായ കാര്യങ്ങളില്‍ ബുദ്ധിമുട്ടും വേദനയുമുണ്ട്. ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. കോണ്‍ഗ്രസ് ജനാധിപത്യപ്രസ്ഥാനമാണ്. അവിടെ പ്രശ്നങ്ങളുണ്ടായാല്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസിസി പ്രസിഡണ്ടും മുന്‍കൈ എടുത്തതിനോട് സഹകരിക്കും.' എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
'പ്രതിപക്ഷനേതാവ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് നല്ലകാര്യമാണ്. ചര്‍ച്ചകളോട് പൂര്‍ണ്ണമായും സഹകരിക്കും. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും യുഡിഎഫ് ശക്തമാകണമെന്നുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. താനും ഉമ്മന്‍ചാണ്ടിയും അടക്കമുള്ളവര്‍ ചില വിഷയങ്ങള്‍ ഉന്നയിച്ചിരുന്നു അക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകുന്നത് സ്വീകാര്യമാണെന്നും'- ചെന്നിത്തല ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.