മുട്ടില്‍ മരംമുറി: ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വി ഡി സതീശന്
മുട്ടിൽ മരംമുറിയിൽ എൻ ടി സാജനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സതീശന് പറഞ്ഞു.
23 Aug 2021 6:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മരംമുറി കേസിലെ ധർമ്മടം ബന്ധം വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മരം സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കിയെന്നും മുഖ്യമന്ത്രിക്ക് ഇതില്‍ നേരിട്ട് ബന്ധമുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുട്ടിൽ മരംമുറിയിൽ എൻ ടി സാജനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിഷയത്തില്‍ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കുമെന്ന് വി ഡി സതീശന് വ്യക്തമാക്കി.
മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എൻ ടി സാജൻ ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലുമായി അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എംകെ സമീറിന്റെ പരാതിയിൽ അഡീഷണൽ പിസിഎഫ് രാജേഷ് രവീന്ദ്രന് ദിവസങ്ങള്‍ക്ക് മുന്‍പ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. മുട്ടിൽ മരംമുറി അന്വേഷണത്തെ വഴിതെറ്റിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ കേസുണ്ടാക്കാന്‍ ശ്രമിച്ചു, കേസ് അട്ടിമറിക്കാന്‍ പ്രതികളുമായി ഗൂഢാലോചന നടത്തി എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടില്‍ സാജനെതിരെ ഉള്ളത്.
മേപ്പാടി മരംകൊള്ള കേസ് അന്വേഷിക്കാൻ എത്തിയ സാജൻ മണിക്കുന്നി മലയിലെ മരംമുറിയും അന്വേഷിക്കുകയായിരുന്നു. ഇതിനിടെ സ്വകാര്യ ഭൂമിയിലെ മരം മുറി വനഭൂമിയിൽ ആണെന്ന് വരുത്തി തീർത്ത് സമീറിനെ കുടുക്കാനുള്ള ശ്രമം നടന്നെന്ന് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മുട്ടിൽ ഇതിൽ കേസിലെ പ്രതികളുമായി ഇതുസംബന്ധിച്ച് ഗൂഡാലോചന നടത്തിയതിന്റെ തെളിവുകളും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെന്ന് അഡീഷണൽ പിസിഎഫിന്റെ റിപ്പോർട്ടില്‍ ചൂണ്ടികട്ടുന്നുണ്ട്.
ഈ റിപ്പോർട്ട് അടിസ്ഥാനമാക്കി സാജനെ സസ്പെൻഡ് ചെയ്യണമെന്ന് വനം വകുപ്പ് സർക്കാരിന് ശുപാർശ ചെയ്തിരുന്നതായാണ് വിവരം. എന്നാല്‍ റിപ്പോർട്ട് ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും സാജനെതിരെ സർക്കാർ നടപടി സ്വീകരിച്ചില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കോഴിക്കോട് നിന്നും സാജനെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയത്.