'സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ല'; വിദഗ്ധസമിതി രൂപീകരിക്കുന്നത് സുപ്രീംകോടതി വിധിക്ക് ശേഷമെന്ന് വി ശിവന്‍കുട്ടി
പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്തുള്ള സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
7 Sep 2021 11:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ല. കൊവിഡ് പ്രതിസന്ധിയില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. അതേസമയം പ്ലസ് വണ്‍ പരീക്ഷയില്‍ സുപ്രീംകോടതി വിധിക്ക് ശേഷമേ തുടര്‍ നടപടി സ്വീകരിക്കൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വിദഗ്ധസമിതി രൂപീകരിക്കുന്ന കാര്യവും വിധിക്ക് ശേഷമായിരിക്കും പരിഗണിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്തുള്ള സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇതോടെയാണ് സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കോടതി വിധി അനുസരിച്ചായിരിക്കും സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക
വിധി അനുകൂലമെങ്കില്‍ സ്കൂള്‍ തുറക്കല്‍ പരിശോധിക്കാനുള്ള വിദഗ്ധസമിതിയെ നിയമിക്കുമെന്നും ശിവന്‍കുട്ടി പരഞ്ഞു. സ്കൂളുകള്‍ തുറക്കാമെന്നു നേരത്തെ ആരോഗ്യവിദഗ്ധര്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്ലസ് വണ്‍ പരീക്ഷ തന്നെ സ്റ്റേ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ സ്കൂള്‍ തുറക്കുന്ന നടപടിയുമായി മുന്നോട്ടുപോകുന്നത് ഉചിതമല്ലെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ്. അതുകൊണ്ടുതന്നെ സെപ്റ്റംബര്‍ 13നു കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിധി ഏറെ നിര്‍ണായകമാകും. അന്ന് സര്‍ക്കാര്‍ ഒരു ബദല്‍ മാര്‍ഗം മുന്നോട്ടുവെയ്ക്കാനാണ് സാധ്യത.