യുഡിഎഫ് ഏകദിന യോഗം ഇന്ന്; നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, കെ റെയില്‍ ഉപസമിതി റിപ്പോര്‍ട്ട് ചര്‍ച്ചയാകും
ഘടകകക്ഷികളുള്‍പ്പെടെ വോട്ട് ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് യുഡിഎഫ് തിരിയുമെന്നാണ് സൂചന.
23 Sep 2021 4:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ യുഡിഎഫിന്റെ ഏകദിന അവലോകന യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിയമാസഭാ തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയില്‍ യുഡിഎഫിലെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് ചര്‍ച്ച ചെയ്യും. ഘടകകക്ഷികളുള്‍പ്പെടെ വോട്ട് ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് യുഡിഎഫ് തിരിയുമെന്നാണ് സൂചന.
നേരത്തെ വിഡി സതീശന് ഘടകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്നണി യോഗത്തില്‍ ഘടകക്ഷികള്‍ ഉയര്‍ത്താന്‍ സാധ്യതയുളള തര്‍ക്കങ്ങള്‍ ഒഴിവാക്കാനായിരുന്നു അന്നത്തെ കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് യുഡിഎഫ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ചയാവും.
കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടത് ഇടുക്കി, കോട്ടയം ജില്ലകളിലെ പരാജയത്തിന് കാരണമായെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു ഇതും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും. യോഗത്തില്‍ കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എംകെ മുനീര്‍ അദ്ധ്യക്ഷനായ ഉപസമിതിയുടെ റിപ്പോര്‍ട്ട് അവലോകനം ചെയ്യും. പദ്ധതിയെ തുടക്കത്തില്‍ തന്നെ എതിര്‍ക്കുന്ന നിലപാടാണ് യുഡിഎഫ് എടുത്തിരുന്നത്. പദ്ധതി ഉപേക്ഷിക്കണമെന്ന നിലപാട് സ്വീകരിക്കാനാണ് സാധ്യത
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവും യോഗം ചര്‍ച്ച ചെയ്യും. വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന നിലാപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യുഡിഎഫ്. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്കും യോഗം രൂപം നല്‍കും.