Top

പാർട്ടിഅംഗം വോട്ടിനെത്തിയില്ല, ബിജെപിയും കെെവിട്ടു; റാന്നിയില്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാളി

13 അംഗ പഞ്ചായത്തില്‍ യുഡിഎഫ്-5, എല്‍ഡിഎഫ്-5, ബിജെപി-2, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷി നില.

3 Sep 2021 6:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാർട്ടിഅംഗം വോട്ടിനെത്തിയില്ല, ബിജെപിയും കെെവിട്ടു;  റാന്നിയില്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാളി
X

പത്തനംതിട്ട റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാര്‍ലിക്കെതിരായ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തില്ല. ക്വാറം തികയാന്‍ ഏഴ് അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ നാല് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്രനും അടക്കം അഞ്ച് അംഗങ്ങള്‍ മാത്രമാണ് വോട്ടുചെയ്യാന്‍ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ എൽഡിഎഫ് അംഗങ്ങളും രണ്ട് ബിജെപി അംഗങ്ങളും അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള യോഗത്തിൽ പങ്കെടുത്തില്ല.

ജോസ് കെ മാണി ഗ്രൂപ്പുകാരിയായ ശോഭാ ചാര്‍ളിക്കെതിരെ യുഡിഎഫിലെ നാല് അംഗങ്ങളും ഒരു സ്വതന്ത്രനും ഒപ്പിട്ട അവിശ്വാസമാണ് റാന്നി ബിഡിഒക്ക് നല്‍കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയന്‍, മിനി തോമസ്, മിനു ഷാജി, പ്രസന്ന കുമാരി, സ്വതന്ത്ര അംഗം കെ ആര്‍ പ്രകാശ് എന്നിവരാണ് ഒപ്പിട്ടത്. ഇതിനിടെ ജോസഫ് വിഭാഗത്തിലെ ഒരു അംഗം വിപ്പ് കൈപ്പറ്റാതെ വന്നതോടെ, അംഗത്തിന്റെ വീടിന്റെ ഭിത്തിയില്‍ വിപ്പ് ഒട്ടിച്ചതടക്കമുള്ള സംഭവവികാസങ്ങളുമുണ്ടായിരുന്നു.
13 അംഗ പഞ്ചായത്തില്‍ യുഡിഎഫ്-5, എല്‍ഡിഎഫ്-5, ബിജെപി-2, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷി നില. ബിജെപിയിലെ രണ്ട് അംഗങ്ങളുടെ അടക്കം പിന്തുണ അവിശ്വാസ പ്രമേയത്തിന് ലഭിക്കുമെന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. എന്നാല്‍ അംഗങ്ങള്‍ വിട്ടുനിന്നതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ തവണ സ്വതന്ത്രനായി വിജയിച്ച കെആര്‍ പ്രകാശിന് പ്രസിഡന്റ് സ്ഥാനം നല്‍കാനുള്ള നീക്കത്തെ തടഞ്ഞായിരുന്നു ബിജെപി, എല്‍ഡിഎഫ് പിന്തുണയോടെ മാണി ഗ്രൂപ്പിലെ ശോഭാ ചാര്‍ളി പ്രസിഡന്റായത്.
Next Story