Top

'സംസ്ഥാന സര്‍ക്കാറിന് അന്ത്യശാസനം'; ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തില്‍ നിലപാട് കടുപ്പിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

സംഭവം നടന്ന് ഒരു വര്‍ഷമാകാനിരിക്കെ ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല.

3 Sep 2021 2:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാന സര്‍ക്കാറിന് അന്ത്യശാസനം; ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തില്‍ നിലപാട് കടുപ്പിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
X

മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്ത്യശാസനം. സംഭവത്തില്‍ ഒക്ടോബര്‍ 10നകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം നിര്‍ബന്ധിത നടപടികളിലേക്ക് പ്രവേശിക്കുമെന്ന് കമ്മീഷന്‍ സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേയും അറിയിച്ചു

മാധ്യമപ്രവര്‍ത്തകനായ എന്‍.സി മുഹമ്മദ് ഷെരീഫ് സഹല തസ്‌നീം ദമ്പതികളുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് 2020 സെപ്റ്റംബര്‍ 27ന് മരിച്ചത്. സംഭവം നടന്ന് ഒരു വര്‍ഷമാകാനിരിക്കെ ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. കേസിന്റെ വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കമ്മീഷന്‍ സര്‍ക്കാറിന് കത്തയച്ചിട്ടുണ്ട് . പലതവണ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും റിപ്പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി കടുപ്പിക്കുന്നത്. പുത്തനഴി സ്വദേശി ഡോ.സൈനുല്‍ ആബിദീന്‍ ഹുദവി നല്‍കിയ പരാതിയിലാണ് നടപടി. കമ്മീഷന്റെ ഇടപെടലില്‍ പ്രതീക്ഷയിലാണ് കുടുംബം

കുറ്റക്കാര്‍ക്കെതിരെ നാല് ആഴ്ച്ചക്കകം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2020 നവംബര്‍ 19ന് സംസ്ഥാനത്തെ അറിയിച്ചിരുന്നു ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. ഇതോടെ കഴിഞ്ഞ മെയ് നാലിന് വീണ്ടും കമ്മീഷന്‍ വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെയാണ് നാല് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ മനുഷ്യാവകാശ നിയമപ്രകാരം നടപടികളിലേക്ക് കടക്കുമെന്ന് സര്‍ക്കാറിനെ അറിയ്ച്ചത്. കുട്ടികളുടെ പിതാവ് ജില്ലാ പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ തെളിവെടുപ്പ് തുടരുകയാണ്. യുവതിയെ മഞ്ചേരിയില്‍ നിന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തിലെ ഡ്രൈവറുടെ മൊഴി കഴിഞ്ഞ ദിവസം പൊലിസ് രേഖപ്പെടുത്തിയിരുന്നു.

Next Story

Popular Stories